തിരുവല്ല: കുറ്റൂർ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഒരുമാസമായി വാട്ടർ അതോറിറ്റിയുടെ കുടിവെള്ളം കിട്ടുന്നില്ല. ഉയർന്ന പ്രദേശങ്ങളായ പൊട്ടൻമല, ചുഴിയാംപാറ എന്നിവിടങ്ങളിലാണ് അഞ്ഞൂറോളം കുടുംബങ്ങൾ ബുദ്ധിമുട്ടുന്നത്. വെള്ളം എത്തിയിരുന്നത് കുറ്റൂരിലെ ചേലാമോടിയിലെ കുടിവെള്ള ടാങ്കിൽ നിന്നാണ്. നാലാം വാർഡിലാണ് അതിരൂക്ഷമായ കുടിവെള്ളക്ഷാമം. കിണറുകളിലെ വെള്ളവും വറ്റി . നാട്ടുകാരും ജനപ്രതിനിധികളും പരാതിപ്പെട്ടതിനെ തുടർന്ന് വാട്ടർ അതോറിറ്റി അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും പ്രശ്നം പരിഹരിക്കപ്പെട്ടിട്ടില്ല.
അമിതവില നൽകി കുടിവെള്ളം വാങ്ങേണ്ട ഗതികേടിലാണ് ഇവിടുത്തെ കുടുംബങ്ങൾ. ഒരാഴ്ചത്തേക്ക് കുടിവെള്ളം വാങ്ങാനായി 2000 രൂപയോളം ചെലവഴിക്കേണ്ടി വരുന്നതായി നാട്ടുകാർ പറയുന്നു. കൊവിഡിനെ തുടർന്നുള്ള പ്രതിസന്ധിക്കിടെ എത്രനാൾ ഇങ്ങനെ ചെലവഴിക്കേണ്ടി വരുമെന്ന ആശങ്കയിലാണ് ജനങ്ങൾ.
മുമ്പ് കുളിക്കാനും മറ്റും നാട്ടുകാർ മണിമലയാറ്റിലെ വെള്ളമാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ നീർനായ ശല്യം രൂക്ഷമായതോടെ മണിമലയാറ്റിൽ ഇറങ്ങാൻ പോലും ജനങ്ങൾ ഭയപ്പെടുകയാണ്. മാലിന്യങ്ങൾ പലയിടത്തും കെട്ടിക്കിടക്കുന്നതും കുളിക്കടവുകൾ തകർച്ചയിലായതും ബുദ്ധിമുട്ടായി
പമ്പിംഗിലെ തകരാറ്
പമ്പ് ചെയ്യുമ്പോൾ വായൂമാർദ്ദത്തിലുണ്ടാകുന്ന വ്യതിയാനമാണ് കുടിവെള്ള വിതരണത്തിന് തടസമെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാൽ ഒരുമാസം മുമ്പ് വരെ ഇത്തരം പ്രശ്നങ്ങളില്ലാതെ വെള്ളം മുടക്കമില്ലാതെ കിട്ടിയിരുന്നതായി നാട്ടുകാർ പറയുന്നു. അതേസമയം പലഭാഗങ്ങളിലേക്ക് വെള്ളം തിരിച്ചുവിടുന്ന വാൽവുകളുടെ തകരാറാണ് പ്രശ്‌നത്തിന് കാരണമെന്നും സംശയം ഉയർന്നിട്ടുണ്ട്.