അരുവാപ്പുലം: ശിഷ്യരുടെയും സാഹിത്യ പ്രേമികളുടെയും നീണ്ട കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ഗുരു നിത്യചൈതന്യയതിക്ക് ജന്മനാട്ടിൽ സ്മാരകം ഒരുങ്ങുന്നു. 1999 മെയ് 14ന് യതി സമാധിയായതിന് 21 വർഷങ്ങൾക്ക് ശേഷമാണ് സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ സ്മാരകം നിർമ്മിക്കുന്നത്. അരുവാപ്പുലം പഞ്ചായത്തിലെ ഒൻപതാം വാർഡിലാണ് ജന്മഗ്രഹമെങ്കിലും ഒന്നാം വാർഡിലെ 5 ഏക്കർ സ്ഥലമാണ് സ്മാരകത്തിനായി കണ്ടെത്തിയിരിക്കുന്നത്. നാടിന്റെ സാംസ്‌കാരിക ഉന്നതി നിലനിറുത്താനും കേരളത്തിന്റെ കലാപൈതൃകത്തെ സംരക്ഷിച്ച് വരുംതലമുറയ്ക്ക് പകർന്നു നൽകുവനും സഹായകമായ രീതിയിലാണ് പദ്ധതി.
സമുച്ചയത്തിൽ....
നൃത്ത സംഗീത നാടകശാലകൾ, ആഡിറ്റോറിയങ്ങൾ, ചിത്രപ്രദർശന ശാലകൾ, ബ്ലാക്ക് ബോക്‌സ് തീയറ്റർ, ചമയ മുറികൾ, ഉപഹാരശാലകൾ, ഗ്രന്ഥശാല, യതിയുടെ ഗ്രന്ഥങ്ങളും പഠനത്തിനുമുള്ള പ്രത്യേക കേന്ദ്രം, വീഡിയോ ഹാൾ, സെമിനാർ ഹാൾ, കലാകാരന്മാർക്കും കരകൗശല വിദഗ്ദ്ധർക്കമുള്ള പണിശാലകൾ, ഓപ്പൺ എയർ തീയറ്റർ, ഭരണനിർവ്വഹണ കാര്യാലയം, കഫറ്റേരിയ തുടങ്ങി വിപുലമായ സൗകര്യങ്ങളാണ് ഏർപ്പെടുത്തുന്നത്.
സംസ്ഥാന സർക്കാർ കിഫ്ബി യിൽ നിന്ന് 40 കോടി രൂപ ചെലവഴിച്ചാണ് സാംസ്‌കാരിക സമുച്ചയം നിർമ്മിക്കുന്നത്.
ഗുരു നിത്യചൈതന്യയതിയുടെ സ്മാരകം ജില്ലയിലെ ഏറ്റവും പ്രധാന സാംസ്‌കാരിക കേന്ദ്രമായി മാറ്റും.
കെ.യു. ജനീഷ് കുമാർ എം.എൽ.എ
ഗുരു നിത്യചൈതന്യയതി
1924 നവംബർ 2ന് വകയാറിൽ രാഘവപ്പണിക്കരുടെയും വാമാക്ഷിയമ്മയുടെയും മകനായി ജനിച്ച ജയചന്ദ്രനാണ് പിൽക്കാലത്ത് ഗുരു നിത്യചൈതന്യയതിയായത്. ശ്രീനാരായണ ഗുരുവിന്റെ ശിഷ്യൻ നടരാജഗുരുവിന്റെ ശിഷ്യനായിരുന്നു യതി. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ നിന്ന് എം.എ മികച്ച മാർക്കോടു കൂടി വിജയിച്ച ജയചന്ദ്രൻ കൊല്ലം എസ്.എൻ.കോളേജ്, ചെന്നൈ വിവേകാനന്ദ കോളേജ് എന്നിവിടങ്ങളിൽ അദ്ധ്യാപകനായിരുന്നു. രമണമഹർഷിയിൽ നിന്നാണ് നിത്യചൈതന്യയെന്ന പേരിൽ സന്യാസം സ്വീകരിച്ചത്. മലയാളത്തിൽ 120 കൃതികളും ഇഗ്ലീഷിൽ 80 കൃതികളും രചിച്ചിട്ടുണ്ട്. യു.എസ് ആസ്ട്രീയ, ഇഗ്ലണ്ട് എന്നീ രാജ്യങ്ങളിലെ സർവ്വകലാശാലകളിൽ വിസിറ്റിങ്ങ് പ്രൊഫസറായിരുന്നു. ഡൽഹിയിലെ സൈകോ ഇൻസ്റ്റിറ്റ്യൂട്ടിന്റെയും ഊട്ടിയിലെ ഫേൺഹിൽ ആശ്രമത്തിന്റെയും വർക്കല നാരായണഗുരുകുലത്തിന്റെയും ഈസ്റ്റ് വെസ്റ്റ് യൂണിവേഴ്‌സിറ്റി ഓഫ് ബ്രഹ്മവിദ്യയുടെയും അധിപനുമായിരുന്ന യതിക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ശിഷ്യൻമാരുണ്ട്. കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയിട്ടുണ്ട്.