school
ശാരീരിക വിഷമതകൾ ഉള്ള കുട്ടികൾക്കൊപ്പം പരിപാടിയുടെ ഭാഗമായി പഴകുളം ഗവ. യു.പി സ്കൂൾ അദ്ധ്യാപകൻ കെ. എസ്. ജയരാജ് ന്യൂ ഇയർ കേക്കും മധുരവും നൽകുന്നു.

അടൂർ : പഴകുളം കെ. വി. യു. പി സ്കൂൾ അദ്ധ്യാപകർ പുതുവത്സര ദിനത്തിൽനടത്തിയ 'പുതുവത്സരം കുട്ടികളോടൊത്ത്' എന്ന പരിപാടി ശ്രദ്ധേയമായി. സ്കൂളിലെത്തി പഠിക്കാൻ കഴിയാത്ത ശാരീരിക വിഷമതകൾ ഉള്ള കുട്ടികളുടെ വീട്ടിലെത്തി ന്യൂ ഇയർ കേക്കും,മധുരവും നൽകിയാണ് അദ്ധ്യാപകർ അവർക്കൊപ്പം പുതുവത്സരം ആഘോഷിച്ചത്. ഹെഡ്മിസ്ട്രസ് കവിതാ മുരളി, പ്രോഗ്രാം കോർഡിനേറ്റർ കെ.എസ് ജയരാജ്, അദ്ധ്യാപകരായ ലക്ഷ്മി രാജ്, ബസീം.ഐ, വന്ദന വി.എസ്. ബീന വി, സ്മിത.ബി, ശാലിനി.എസ് എന്നിവർ പങ്കെടുത്തു. .ഒാൺലൈൻ പഠനം ആരംഭിച്ചപ്പോൾ തന്നെ പാഠഭാഗങ്ങൾ കുട്ടികൾക്ക് കൂടുതൽ ആസ്വാദ്യകരമാക്കാൻ വന്യമൃഗങ്ങളെ ഒാൺലൈൻ ഫ്ളാറ്റ്ഫോമിലൂടെ എത്തിച്ച് അവയുടെ ഹിന്ദി, ഇംഗ്ളീഷ് പേരുകൾ ഹൃദിസ്ഥമാക്കാൻ വഴിയൊരുക്കുക വഴി ഏറെ സ്കൂൾ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. പഠനത്തിനൊപ്പം കുട്ടികളെ കാർഷിക മേഖലകളിലേക്ക് കൈപിടിച്ച് ഉയർത്തുന്നതിനുള്ള കാർഷികകൂട്ടം പദ്ധതിയും വിജയകരമായി നടപ്പാക്കിവരുന്നു. സ്കൂളിൽ ഉൽപ്പാദിപ്പിച്ച അഞ്ചിനം വിഷരഹിത പച്ചക്കറി വിത്തുകൾ വിദ്യാർത്ഥികൾക്ക് വീടുകളിലെത്തിച്ച് നൽകുകയും കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ കൃഷിരീതികൾ പഠിപ്പിച്ചതിനൊപ്പം വിദ്യാർത്ഥികൾക്കിടയിൽ നിന്നും മികച്ച കർഷകനെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികളും അവസാന ഘട്ടത്തിലാണ്.