കോന്നി :കോന്നി നിയോജക മണ്ഡലത്തിൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ആവശ്യമില്ലാത്ത ഭൂമിക്ക് പട്ടയം നൽകാനുള്ള നടപടികൾ തുടങ്ങി. പട്ടയം ലഭിക്കുവാനുള്ളവരിൽ നിന്ന് വില്ലേജ് ഓഫീസുകളിൽ അപേക്ഷ സ്വീകരിച്ചുതുടങ്ങി. ആറായിരത്തോളം കൈവശകർഷകരാണ് പതിറ്റാണ്ടുകളായി പട്ടയത്തിന് കാത്തിരിക്കുന്നത്. ജണ്ടയ്ക്ക് പുറത്ത് പട്ടയം നൽകുന്നതിനെ വനംവകുപ്പ് എതിർക്കാതിരുന്ന സാഹചര്യത്തിലാണ് പുതിയ ഉത്തരവിലൂടെ പട്ടയം വിതരണം ചെയ്യുന്നതിന് സാഹചര്യമൊരുങ്ങുന്നത്. എന്നാൽ ജണ്ടയ്ക്കകത്തുള്ള കൈവശ ഭൂമിക്ക് ഭൂ പട്ടയം നൽകുന്നതിന് വനം വകുപ്പിന്റെ എതിർപ്പുണ്ട്.

ചി​റ്റാർ, സീതത്തോട്, തണ്ണിത്തോട്, കോന്നിതാഴം, കലഞ്ഞൂർ, അരുവാപ്പുലം വില്ലേജുകളിലെ ജണ്ടയ്ക്ക് പുറത്തുള്ള കൈവശകർഷകർക്കാണ് പട്ടയം ലഭിക്കാൻ പോകുന്നത്. 1980 മുതൽ മലയോര കർഷകർ പട്ടയത്തിനായി പ്രക്ഷോഭത്തിലാണ്. നിയമാനുസരണമുള്ള ഉപാധിരഹിത പട്ടയം വിതരണം ചെയ്യുന്നമെന്ന് അഡ്വ.കെ യു ജനീഷ് കുമാർ എം.എൽ.എ നിയമസഭയിൽ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ പത്തുവർഷമായി സ്‌കെച്ചും പ്ലാനും തയ്യാറാക്കുക മാത്രമാണ് ഇതുമായി ബന്ധപെട്ട് നടന്നത്. . 2016ൽ ചി​റ്റാറിൽ നടന്ന പട്ടയമേളയിൽ മുൻ സർക്കാർ വനം വകുപ്പിന്റെ അനുമതി വാങ്ങാതെ 40 പട്ടയങ്ങൾ വിതരണം ചെയ്‌തെങ്കിലും പിന്നീട് റദ്ദാക്കിയിരുന്നു.


വനം വകുപ്പ് എതിർക്കില്ല
വനം വകുപ്പിന്റെ അനുമതിയോടെയാണ് റവന്യൂ വകുപ്പ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.
ഇതനുസരിച്ച് റവന്യൂ രേഖകളിൽ പുരയിടം, തരിശ്, നിലം എന്ന് രേഖപ്പെടുത്തിയിട്ടുള്ളതും, വനംവകുപ്പിന്റെ ജണ്ടയ്ക്ക് പുറത്ത് സ്ഥിതി ചെയ്യുന്നതുമായ കൈവശഭൂമി 1964ലെ ഭൂമി പതിവ് ചട്ടങ്ങളിലെ വ്യവസ്ഥകൾക്ക് വിധേയമായി പട്ടികജാതി, പട്ടികവർഗമുൾപ്പടെയുള്ള സ്വകാര്യ വ്യക്തികൾക്ക് പതിച്ചു നൽകുന്നതിന് അനുമതിയുണ്ട്. 1930 ലെ സെ​റ്റിൽമെന്റ് രജിസ്​റ്റർ, മ​റ്റു റവന്യൂ റെക്കോഡുകൾ പ്രകാരമുള്ളതും, ജണ്ടയ്ക്ക് പുറത്തുള്ളതുമായ പുരയിടം, തരിശ്, നിലം എന്ന് രേഖപ്പെടുത്തിയ ഭൂമിക്ക് വനം വകുപ്പ് അവകാശവാദമുന്നയിക്കാത്ത സാഹചര്യത്തിലാണ് പുതിയ ഉത്തരവ് ഇറക്കാൻ സർക്കാരിന് കഴിഞ്ഞത്.

------------------

ജണ്ടയ്ക്ക് പുറത്തുള്ള കൈവശകർഷകർക്ക് പട്ടയം വിതരണം ചെയ്യാനുള്ള നടപടി പുരോഗമിക്കുകയാണ്.

ഇത്തരത്തിൽ പട്ടയം നൽകുന്നതിനെ വനം വകുപ്പ് എതിർക്കാതിരുന്ന സാഹചര്യത്തിലാണ് പുതിയ ഉത്തരവിലൂടെ പട്ടയം വിതരണം ചെയ്യുന്നതിന് സാഹചര്യമൊരുങ്ങിയത്. സീതത്തോട്ടിലെ സ്‌പെഷ്യൽ റവന്യൂ പട്ടയം ഓഫീസിൽ ഇതിനായുള്ള പ്രവർത്തനം പുരോഗമിക്കുകയാണ്. കേന്ദ്ര വനം പരിസ്‌ഥിതി മന്ത്രാലയത്തിന്റെ അനുമതി ആവശ്യമില്ലാത്ത ഭൂമിക്ക് (ചട്ടം 64 പ്രകാരം ) പട്ടയം ലഭിക്കുവാനുള്ളവർ ഈ മാസം അഞ്ചിന് മുമ്പ് അതാത് വില്ലേജ് ഓഫീസുകളിൽ അപേക്ഷ നൽകണം.

കെ.യു. ജനീഷ് കുമാർ (എം.എൽ.എ)

-----------

അപേക്ഷകർ- 5677

കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ആവശ്യമില്ലാത്ത ഭൂമിക്ക് പട്ടയം നൽകും

സീതത്തോട്ടിലെ സ്‌പെഷ്യൽ റവന്യൂ പട്ടയം ഓഫീസിൽ നടപടികൾ പുരോഗമിക്കുന്നു