women

പത്തനംതിട്ട: അദ്ധ്യക്ഷ സ്ഥാനം ജില്ലയിൽ വനിതകൾക്കായി സംവരണം ചെയ്തിരുന്നത് 27 ഗ്രാമപഞ്ചായത്തുകളിലാണ്. ഇതിൽ 24 ഗ്രാമപഞ്ചായത്ത് അദ്ധ്യക്ഷ സ്ഥാനം വനിത ജനറലും മൂന്നിടത്ത് പട്ടികജാതി വനിതാ സംവരണവുമായിരുന്നു. എന്നാൽ, ജില്ലയിലെ 53 ഗ്രാമപഞ്ചായത്തുകളിൽ 31ലും ഇത്തവണ വനിതാ പ്രസിഡന്റുമാരാണ് അധികാരമേറ്റത്. അദ്ധ്യക്ഷസ്ഥാനത്ത് സംവരണമില്ലാതിരുന്നിട്ടും നാല് ഗ്രാമപഞ്ചായത്തുകളിൽ കൂടി വനിതകൾ പ്രസിഡന്റുമാരായി. എട്ട് ഗ്രാമപഞ്ചായത്തുകളിൽ അദ്ധ്യക്ഷയും ഉപാദ്ധ്യക്ഷയും വനിതകളാണ്.
അദ്ധ്യക്ഷ സ്ഥാനം വനിതാ സംവരണമെങ്കിൽ ഉപാദ്ധ്യക്ഷ സ്ഥാനം ജനറലായിരിക്കണമെന്നാണ് വ്യവസ്ഥ. ജനറൽ ഉപാദ്ധ്യക്ഷ സ്ഥാനത്ത് മൂന്ന് വനിതകളെത്തിയിട്ടുണ്ട്.
വനിതകൾ അദ്ധ്യക്ഷ, ഉപാദ്ധ്യക്ഷ പദവികളിലുള്ളത്: പുറമറ്റം, കലഞ്ഞൂർ, മെഴുവേലി, അരുവാപ്പുലം, കോഴഞ്ചേരി, കടപ്ര, റാന്നി, കോയിപ്രം.

സംവരണത്തിന് പുറത്ത് വനിതകൾ അദ്ധ്യക്ഷ പദവി നേടിയ പഞ്ചായത്തുകൾ: പുറമറ്റം, കോഴഞ്ചേരി, റാന്നി, കടപ്ര എന്നിവയാണ്. ഇതിൽ കടപ്ര പട്ടികജാതി ജനറൽ വിഭാഗം സംവരണപട്ടികയിലായിരുന്നു. ഉപാദ്ധ്യക്ഷ സ്ഥാനം ജനറൽ പട്ടികയിലായിരുന്നെങ്കിലും വനിതകൾ സ്വന്തമാക്കിയ ഗ്രാമപഞ്ചായത്തുകൾ കലഞ്ഞൂർ, അരുവാപ്പുലം, കോയിപ്രം എന്നിവയാണ്.