indian-post

പത്തനംതിട്ട : സാമൂഹ്യസുരക്ഷാ പെൻഷനുകൾ വാങ്ങാൻ ഇനി ബാങ്കുകളിലേക്ക് പോകേണ്ട, സമീപത്തുള്ള പോസ്റ്റോഫീസിൽ നേരിട്ടെത്തിയോ, പോസ്റ്റ്മാൻ വഴി വീട്ടിലെത്തിച്ചോ വാങ്ങാവുന്നതാണ്. ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും അടക്കം ഏറെ പ്രയോജനപ്പെടുന്ന പദ്ധതി ഇന്ത്യ പോസ്റ്റ് പേയ്‌മെന്റെന്ന ബാങ്ക് എ.ഇ. പി.എസ് സംവിധാനത്തിലൂടെയാണ് നടപ്പാക്കുന്നത്. പോസ്റ്റോഫീസിൽ അറിയിച്ചാൽ പോസ്റ്റുമാൻ നേരിട്ടെത്തി പെൻഷൻകാർക്ക് പൂർണമായും സൗജന്യമായ ഈ സേവനം നൽകുന്നതാണ്.
സംസ്ഥാന സർക്കാർ നൽകുന്ന സാമൂഹ്യ സുരക്ഷാ പെൻഷനും കേന്ദ്രസർക്കാർ കർഷകർക്ക് നൽകുന്ന കിസാൻ സമ്മാൻ നിധി സഹായവും പൂർണ്ണമായും എ. ഇ. പി. എസ് സംവിധാനത്തിലൂടെ വിതരണം ചെയ്യാൻ തപാൽ വകുപ്പ് നടപടികൾ പൂർത്തിയാക്കി. ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള ഏതു ബാങ്ക് അക്കൗണ്ടിൽ നിന്നും ഇപ്രകാരം പണം പിൻവലിക്കാവുന്നതാണ്. ഒരു ദിവസം പതിനായിരം രൂപ വരെ പിൻവലിക്കാനാവും. പോസ്‌റ്റോഫീസുകൾ കേന്ദ്രീകരിച്ചു പ്രവൃത്തി സമയത്താണ് ബാങ്ക് അക്കൗണ്ടിലെ പണം പിൻവലിക്കാനാവുക. ആധാർ നമ്പറും മൊബൈൽ ഫോണും കയ്യിൽ കരുതിയിരിക്കണം.
കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ പണം പിൻവലിക്കാൻ എ.ടി.എമ്മിലും ബാങ്കുകളിലും പോകുന്നതിനുള്ള ബുദ്ധിമുട്ട് ഒഴിവാക്കുന്നതിന് വേണ്ടിയാണ് ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്ക് സംവിധാനത്തിലൂടെ തപാൽ വകുപ്പ് ഈസൗകര്യം ഒരുക്കിയിരിക്കുന്നത്.
തപാൽ വകുപ്പിന്റെ ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്ക് പ്രവർത്തനം ആരംഭിച്ചു രണ്ടു വർഷം പിന്നിടുമ്പോൾ കൂടുതൽ ജനോപകാരപ്രദമായ സാങ്കേതിക സംവിധാനങ്ങൾ ഉൾഗ്രാമങ്ങളിൽ വരെ എത്തിച്ചിരിക്കുകയാണ്. ഇപ്പോൾ ഇന്ത്യയിലെ എതു കോണിലേക്കും അക്കൗണ്ടില്ലാതെ തന്നെ പണം അയ്ക്കാവുന്ന ഡൊമസ്റ്റിക് മണി ട്രാൻസ്ഫർ (ഡി. എം. റ്റി), യു. പി. ഐ പേയ്‌മെന്റ് സംവിധാനം, ഓൺലൈൻ ഇടപാടുകൾക്ക് വേണ്ടിയുള്ള വെർച്യുൽ ഡെബിറ്റ് കാർഡ് മുതലയാവ എല്ലാ പോസ്റ്റ് ഓഫീസുകളിലും ലഭ്യമാണ്.