പത്തനംതിട്ട; മാർത്തോമ്മാ സഭ അടൂർ ഭദ്രാസനത്തിന്റെ 37 ാമത് കൺവൻഷൻ ആറു മുതൽ 10 വരെ നടക്കും. അടൂരിലെ കൺവെൻഷൻ നഗറിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നിശ്ചിത എണ്ണം ആളുകൾക്കു മാത്രമേ പ്രവേശനം നൽകു. കൺവെൻഷൻ യോഗങ്ങൾ പൂർണമായി ലൈവ് ടെലികാസ്റ്റ് ചെയ്യാനാണ് ക്രമീകരണം. ആറിനു വൈകിട്ട് 6.30ന് ഭദ്രാസനാധിപൻ ഡോ.ഏബ്രഹാം മാർ പൗലോസ് എപ്പിസ്‌കോപ്പയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ മാർത്തോമ സഭ അദ്ധ്യക്ഷൻ ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തക്ക് സ്വീകരണം നൽകും. കൺവെൻഷൻ ഉദ്ഘാടനവും കായംകുളം ഇലിപ്പക്കുളത്ത് നിർമ്മിക്കുന്ന സീനിയർ സിറ്റിസൺ സാന്ത്വന പരിചരണ കേന്ദ്രത്തിന്റെ ശിലാ ആശിർവാദവും മെത്രാപ്പോലീത്ത നിർവഹിക്കും. റവ.ഷാജി തോമസ് വചനശുശ്രൂഷ നിർവഹിക്കും.
തുടർന്നുള്ള ദിവസങ്ങളിൽ റവതോമസ് സഖറിയ, മെർലിൻ ടി. മാത്യു, റവഡോ. മോത്തി വർക്കി എന്നിവർ പ്രസംഗിക്കും.
പത്തിനു രാവിലെ അടൂർ ഇമ്മാനുവൽ മാർത്തോമ്മാ പള്ളിയിൽ ഡോ.ഏബ്രഹാം മാർ പൗലോസ് എപ്പിസ്‌കോപ്പ കുർബാന അർപ്പിക്കും.
ഭദ്രാസന സെക്രട്ടറി റവ.വി. കുഞ്ഞുകോശി, കൺവെൻഷൻ ജനറൽ കൺവീനർ റവ.ജോൺസൺ സി. ജേക്കബ്, ഭദ്രാസന ട്രഷറർ വർഗീസ് തരകൻ, കൺവെൻഷൻ ട്രഷറർ ജോൺസൺ വൈദ്യൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.