പത്തനംതിട്ട: ഡിസ്‌പോസിബിൾ വസ്തുക്കളുടെ ഉപയോഗം കുറയ്ക്കുന്നതിനും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ നിരോധനം ഫലപ്രദമായി നടപ്പാക്കുന്നതിനും ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ കാമ്പയിന് തുടക്കമായി. ഒറ്റത്തവണ ഉപയോഗം പുനർവിചിന്തന കാമ്പയിന്റെ ലോഗോ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ നിർവഹിച്ചു. ശുചിത്വ മിഷൻ ജില്ലാ കോഓർഡിനേറ്റർ കെ.ഇ. വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഹരിത കേരളം മിഷൻ ജില്ലാ കോഓർഡിനേറ്റർ ആർ. രാജേഷ് കാമ്പയിൻ വിശദീകരണം നടത്തി.
ലോഗോ തയാറാക്കിയ അടൂർ ഐ.എച്ച്.ആർ.ഡി എൻജിനിയറിംഗ് കോളജിലെ വിദ്യാർത്ഥി രാഹുൽ രമേശിനെ ആദരിച്ചു. സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് ജില്ലാ സെക്രട്ടറി എം.ആർ. ലീല, എൻജിനിയറിംഗ് കോളേജ് എൻ.എസ്.എസ് ജില്ലാ പ്രോഗ്രാം ഓഫീസർ എച്ച്.എസ്. ശ്രീദീപ, ഡിഗ്രി കോളേജുകളുടെ എൻ.എസ്.എസ് ജില്ലാ കോർഡിനേറ്റർ എസ്. സജിത്ത് ബാബു, സൗഹൃദ ക്ലബ് ജില്ലാ കോഓർഡിനേറ്റർ ഡോ.സുനിൽ അങ്ങാടിക്കൽ, ഹരിതകേരളം മിഷൻ റിസോഴ്‌സ് പേഴ്‌സൺ ജി. ഗോകുൽ, യംഗ് പ്രൊഫഷണൽസ് അഭിരാമി, ഷൈനി ജോസ്, വിദ്യാ മോഹൻ തുടങ്ങിയവർ പങ്കെടുത്തു.