അടൂർ : ജനറൽ ആശുപത്രിയിലെ കെട്ടിടത്തിൽ ആലുകിളിക്കുന്നത് തണലല്ല, മറിച്ച് നാണക്കേടാണാെന്ന തിരിച്ചറിവിൽ നഗരസഭയുടെ പുതിയ ചെയർമാൻ ഡി. സജി ഉണർന്ന് പ്രവർത്തിച്ചതോടെ കിളിർത്തുവന്ന ആലുകൾ നീക്കംചെയ്ത് കെട്ടിടം സംരക്ഷിക്കുന്ന നടപടി സ്വീകരിച്ചു. ഒക്ടോബർ 23 ന് 'നാണമില്ലേ....? ആശുപത്രിയിൽ ആലുകിളിക്കുന്നു' എന്ന തലക്കെട്ടിൽ കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. . ഇന്നലെ ഇതിനായി പ്രത്യേക തൊഴിലാളികളെ നിയോഗിച്ച് കെട്ടിടങ്ങളുടെ ഭിത്തികൾക്ക് ബലക്ഷയം ഉണ്ടാക്കുംവിധം കിളിർത്തുവന്ന ആലുകൾ നീക്കം ചെയ്തതിനൊപ്പം വേരോടെ നശീക്കുന്നതിനുള്ള കീടനാശിനികളും തളിച്ചു.ആശുപത്രിയുടെ അഞ്ചുനിലകളിലുള്ള ബഹുനില മന്ദിരത്തിന്റെ ടോയ്ലെറ്റുകളിൽ നിന്നുള്ള ഇൗർപ്പം പിടിച്ച് നനഞ്ഞ ഭിത്തികളിലും ആശുപത്രി മാനേജ്മെന്റ് കമ്മറ്റിയുടെ നിയന്ത്രണത്തിലുള്ള പേവാർഡും ഒാഫീസും പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെയും വശങ്ങളിൽ വളർന്നുവന്ന ആലിന്റെ തൈകളാണ് ഇന്നലെ നീക്കം ചെയ്തത്. കെട്ടിടത്തിന്റെ ഭിത്തിക്ക് ബലക്ഷയം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് ഉണ്ടായെങ്കിലും അതൊന്നും ആരും പരിഗണനയ്ക്കെടുക്കാതിരുന്നതോടെ കെട്ടിടത്തിന്റെ വശങ്ങളിലുടനീളം ആൽതൈകൾ കിളിച്ചുവളരുകയായിരുന്നു.ഇൗ നടപടിക്കൊപ്പം അടൂർ ജനറൽ ആശുപത്രിയിൽ പുതിയതായി ആരംഭിച്ച പബ്ലിക് അഡ്രസ് സംവിധാനത്തിന്റെ ഉദ്‌ഘാടനവും ഇന്നലെ ചിറ്റയം ഗോപകുമാർ എം. എൽ. എ നിർവ്വഹിച്ചു. നഗരസഭചെയർമാൻ ഡി .സജി അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ആശുപത്രി സൂപ്രണ്ട് ഡോ. സുഭഗൻ, നഗരസഭ വൈസ് ചെയർപേഴ്സൺ ദിവ്യ റെജി മുഹമ്മദ് ആർ. എം. ഒ ഡോ. നിഷാദ് എന്നിവർ പ്രസംഗിച്ചു.അടിയന്തിര ആവശ്യം വരുമ്പോൾ ആശുപത്രിയിലെ ഡോക്ടർമാർ, മറ്റ് ജീവനക്കാർ എന്നിവർ എവിടെ എത്തുമെന്നത് സംബന്ധിച്ച് ആശുപത്രി സൂപ്രണ്ടിന്റെ മുറിയിൽ നിന്നുള്ള സന്ദേശം ആശുപത്രിയിലെ എല്ലാ നിലകളിലും ലഭിക്കത്തക്കവിധത്തിലുള്ള സൗണ്ട് സംവിധാനമാണ് ഇതുവഴി പുതിയതായി ക്രമീകീരിച്ചിരിക്കുന്നത്.