പത്തനംതിട്ട: പത്തനംതിട്ട നഗരസഭയിൽ പുതിയ ഭരണസമിതി അധികാരമേറ്റശേഷം നടക്കുന്ന ആദ്യ കൗൺസിൽ യോഗത്തിൽ ചർച്ച ചെയ്യുന്നത് വിവാദ വിഷയങ്ങളായ ജില്ലാ സ്റ്റേഡിയവും ആധുനിക മത്സ്യമാർക്കറ്റ് നിർമ്മാണവും. 4ന് രാവിലെ 11നാണ് കൗൺസിൽ യോഗം.
ജില്ലാ സ്റ്റേഡിയം കിഫ്ബിയിൽ ഉൾപ്പെടുത്തി ആധുനിക രീതിയിൽ നിർമ്മിക്കുന്നതിന് എം.ഒ.യു അംഗീകരിക്കുന്ന വിഷയമാണ് ആദ്യ അജണ്ടയായി ചർച്ച ചെയ്യുന്നത്. സ്റ്റേഡിയത്തിന്റെ ഉടമസ്ഥതയെയും എം.ഒ.യുവിനെയും ചൊല്ലി കഴിഞ്ഞ നഗരസഭ ഭരണസമിതിയും വീണാജോർജ് എം.എൽ.എയും തമ്മിൽ നടന്ന തർക്കവും കത്തിടപാടുകളും വലിയ രാഷ്ട്രീയ വിവാദത്തിനിടയാക്കിയിരുന്നു.
വീണാ ജോർജ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടുപയോഗിച്ച് നഗരസഭയുടെ മത്സ്യമാർക്കറ്റ് നവീകരിക്കുന്നതിന് ഭരണാനുമതിയും സാങ്കേതിക അനുമതിയും ലഭിച്ചിരുന്നതാണ്. ഇതിൽ നഗരസഭ എൻജിനീയറിംഗ് വിഭാഗം തയ്യാറാക്കിയ എസ്റ്റിമേറ്റ് കൗൺസിൽ അംഗീകരിച്ചേക്കും.
കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് ആധുനിക മത്സ്യമാർക്കറ്റിന് തറക്കല്ലിട്ടെങ്കിലും നിർമാണ പ്രവർത്തനങ്ങൾ നടന്നില്ല.
കൗൺസിലിന്റെ അംഗീകാരം ലഭിച്ചാൽ രണ്ട് പദ്ധതികൾക്കും ഉടൻ ധാരണാപത്രം ഒപ്പുവച്ച് നിർമാണഘട്ടത്തിലേക്ക് കടക്കുമെന്ന് ചെയർമാൻ സക്കീർ ഹുസൈൻ പറഞ്ഞു.