പത്തനംതിട്ട: ബി.കോം വിദ്യാർത്ഥിയുടെ അപകട മരണത്തിന് നഷ്ടപരിഹാരമായി 59 ലക്ഷം രൂപ ചെലവ് സഹിതം നൽകണമെന്ന് പത്തനംതിട്ട അഡീഷണൽ മോട്ടോർ ആക്‌സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ നമ്പർ –3 ജഡ്ജി എഫ് അഷീദ വിധിച്ചു. 2017 ലെ പുതുവൽസര ദിനത്തിൽ എം.സി റോഡിൽ ഏനാത്ത് എംജി ജംഗ്ഷനിലെ ബസ് സ്‌റ്റോപ്പിൽ ബസ് കാത്തുനിന്ന അലൻ ജോൺ സോണി (കിച്ചു)ക്ക് കാറിടിച്ച് തലയ്ക്ക് പരിക്കേറ്റിരുന്നു. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ഏഴ് ദിവസം ചികിൽസയിൽ കഴിഞ്ഞ അലൻ ജോൺ മരിച്ചതിന് നഷ്ടപരിഹാരമായി 1.25 കോടി രൂപ ആവശ്യപ്പെട്ടാണ് അലന്റെ മാതാപിതാക്കളും അനുജനും അഡ്വ. പീലിപ്പോസ് തോമസ്, അഡ്വ. വേണു മുളക്കുഴ എന്നിവർ മുഖേന ഹർജി നൽകിയത്. ആൾട്ടോ കാറിന് ഇൻഷുറൻസ് നൽകിയ ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി ഒമ്പത് ശതമാനം പലിശ സഹിതം നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു. കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് കോളേജിൽ രണ്ടാം വർഷ ബികോം വിദ്യാർത്ഥിയായിരുന്നു അലൻ.