1
വർഷങ്ങളായി തരിശ് കിടക്കുന്ന പള്ളിക്കൽ ചൂരൽവയൽ ഏല

പള്ളിക്കൽ : വികസന രംഗത്ത് കൂടുതൽ മുന്നേറാൻ കാത്തിരിക്കുകയാണ് പള്ളിക്കൽ പഞ്ചായത്ത്. ജില്ലയിലെ 23 വാർഡുകളുള്ള, ഏറ്റവും വലിയ പഞ്ചായത്താണിത്. കൃഷിയിൽ നിന്നുള്ള വരുമാനമാണ് പള്ളിക്കലിന്റെ സാമ്പത്തിക അടിത്തറ. കാർഷിക രംഗം റബർ കൃഷിക്ക് വഴി മാറിയതോടെ നെൽകൃഷി , കിഴങ്ങുവിള കൃഷി, പച്ചക്കറി കൃഷി എന്നിവയിൽ ഗണ്യമായ കുറവ് വന്നു. പക്ഷേ , ക്ഷീര കൃഷിയിലും, മുട്ട കോഴിവളർത്തലിലും മുന്നേറ്റം നടത്താൻ കഴിഞ്ഞ വർഷങ്ങളിൽ പള്ളിക്കലിന് കഴിഞ്ഞിട്ടുണ്ട്. നെൽകൃഷിയിലും , കിഴങ്ങുവിള കൃഷി, പച്ചക്കറി കൃഷി എന്നിവയിലും പദ്ധതികൾ നടപ്പാക്കിയെങ്കിലും യാതാരു മുന്നേറ്റവും നടത്തുവാൻ കഴിഞ്ഞിട്ടില്ല.

നെൽകൃഷി കുറഞ്ഞു

1995-97- ൽ പള്ളിക്കലിലെ നെൽകൃഷി 540 ഹെക്ടറായിരുന്നു. ഇപ്പോൾ 30 ഹെക്ടറായി ചുരുങ്ങി. കാരണങ്ങൾ പലതുണ്ടെങ്കിലും കൃഷിവിപുലപ്പെടുത്താൻ കാര്യമായ പദ്ധതികൾ ആസൂത്രണം ചെയ്തില്ല എന്നത് യാഥാർത്ഥ്യമാണ്. ഇപ്പോഴും ഏക്കർ കണക്കിന് നെൽവയലുകൾ തരിശ് കിടക്കുകയാണ്. സർക്കാർ നൽകുന്ന സഹായങ്ങൾക്ക് പുറമെ തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിപ്പിച്ച് പഞ്ചായത്തുകൂടി രംഗത്തു വന്നാൽ നെൽകൃഷി വ്യാപിപ്പിക്കാനാകും. തൊഴിലുറപ്പ് പദ്ധതിയുലുൾപ്പെടുത്തി രണ്ട് വർഷം മുമ്പ് കൃഷിക്ക് സഹായം നൽകിയപ്പോൾ നെൽകൃഷി 60 ഹെക്ടറിലായി ഉയർന്നിരുന്നു. തൊട്ടടുത്ത വർഷം തൊഴിലുറപ്പ് പദ്ധതിപ്രകാരം സഹായം നൽകിയില്ല. കൃഷി വീണ്ടും 30 ഹെക്ടറിലേക്ക് താണു.

കാർഷിക മേഖലയിൽ കൂടുതൽ മുന്നേറാം

മരച്ചീനി, ചേന, ചേമ്പ്, കാച്ചിൽ, തുടങ്ങിയ കിഴങ്ങുവർഗ കൃഷികളിലും കുറവ് വന്നെങ്കിലും ന്യായവില ഉറപ്പാക്കുന്ന കർഷകരുടെ തന്നെ വിപണികൾ രംഗത്തു വന്നതോടെ കിഴങ്ങ് വിളകൃഷികളും പച്ചക്കറി കൃഷിയും വർദ്ധിച്ചിട്ടുണ്ട്. ടെറസ് കൃഷി പ്രോത്സാഹിപ്പിക്കാൻ പദ്ധതികളുണ്ടങ്കിൽ പച്ചക്കറി കൃഷി വ്യാപിപ്പിക്കാം. കൃഷിയിടങ്ങളിൽ ജലസേചന സൗകര്യം കൃത്യസമയത്ത് ലഭ്യമാക്കാൻ കഴിയുന്നില്ലെന്നത് വലിയ പോരായ്മയാണ്. ഇതിനുംപദ്ധതി വേണം. ആറാട്ട് ചിറയിലെ വെള്ളം ഇവിടനിന്ന് പള്ളിക്കൽ ഭാഗത്തേക്കുള്ള തോട്ടിലേക്ക് ഒഴുക്കി വിട്ടാൽ പള്ളിക്കൽ തെങ്ങമം ഇളംപള്ളിൽ ഭാഗങ്ങളിലെ ഏഴ് ഏലകളിലെ കൃഷിക്ക് സഹായകരമാകും.

പാൽ ഉത്പാദനം കൂട്ടണം

11000 ലിറ്റർ പാൽ ഒരു ദിവസം പള്ളിക്കൽ പഞ്ചായത്തിൽ അളക്കുന്നുണ്ട്. ഒരാൾക്ക് 250.മി.ലിറ്റർ പാൽ ഒരു ദിവസം വേണമെന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്ക് . 60000 - ജനസംഖ്യയുള്ള പള്ളിക്കലിൽ 4000 - ലിറ്റർ പാലു കൂടി പ്രതിദിനം ഉദ്പാദിപ്പിച്ചാൽ പാലുത്പാദനത്തിൽ സ്വയം പര്യാപ്തമാകും. ക്ഷീരഗ്രാമമായി പ്രഖ്യാപിച്ച് - 150-ൽ അധികം കറവപ്പശുക്കളെ നൽകുന്നതിനുള്ള പദ്ധതി അവസാന ഘട്ടത്തിലാണ്. മുട്ടയുത്പാദനത്തിന്റെ കാര്യത്തിലും 25 ശതമാനം വളർച്ചയുണ്ടായിട്ടുണ്ട്.പുതിയ ഭരണസമിതി നെൽകൃഷിക്കും, മുട്ടക്കോഴി വളർത്തൽ പദ്ധതിക്കും പ്രാമുഖ്യം നൽകുന്ന പദ്ധതികൾ നടപ്പിലാക്കുന്നതിനൊപ്പം പാലുത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാനും പദ്ധതികൾ നടപ്പാക്കണം.