അടൂർ : ഐ.ടി രംഗത്ത് വൈവിദ്ധ്യങ്ങളായ കോഴ്സുകളും മികച്ച പഠനസൗകര്യങ്ങളും അനിവാര്യമാണെന്നും ഈരംഗത്തെ വളർച്ചയിലൂടെ യുവതീ യുവാക്കളുടെ തൊഴിൽ സാദ്ധ്യത വർദ്ധിക്കാൻ ഇടയാക്കിയെന്നും ചിറ്റയം ഗോപകുമാർ എം.എൽ.എ പറഞ്ഞു. കേരള കമ്പ്യൂട്ടർ സാക്ഷരതാ മിഷന്റെ ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അടൂരിൽ ഐ.ടി പാർക്ക് ആരംഭിക്കുന്നതിനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നും ഇക്കാര്യത്തിൽ നഗരസഭകൂടി മുൻകൈ എടുത്താൽ അത് യാഥാർത്ഥ്യമാക്കാൻ കഴിയുമെന്നും എം.എൽ.എ പറഞ്ഞു.ചടങ്ങിൽ കേരള കമ്പ്യൂട്ടർ സാക്ഷരതാമിഷൻ ചെയർമാൻ മനോജ് വിജയൻ അദ്ധ്യക്ഷത വഹിച്ചു. അക്കാദമിക് പ്രൊജക്ടുകളുടേയും 25 വിദ്യാർത്ഥികൾക്ക് സൗജന്യ കമ്പ്യൂട്ടർ വിദ്യാഭ്യാസം ലഭ്യമാക്കുന്നതിന്റേയും ഉദ്ഘാടനം ഗാന്ധി യൂണിവേഴ്സിറ്റി പ്രോ വൈസ് ചാൻസിലർ ഡോ.ഡോ.സി . ടി .അരവിന്ദ് കുമാർ നിർവഹിച്ചു.വിദ്യാഭ്യാസ ധനസഹായം നഗരസഭാ ചെയർമാൻ ഡി.സജി വിതരണം ചെയ്തു. നഗരസഭ വൈസ് ചെയർപേഴ്സൺ ദിവ്യ റെജി മുഹമ്മദ്,എസ്.എ.പി കേരള പാട്ണർ ജോണി ജോസഫ് സെന്റ് തോമസ് എൻജിനീയറിംഗ് കോളേജ് ചെയർമാൻ ജോസ് തോമസ് എന്നിവർ പ്രസംഗിച്ചു.കമ്പ്യൂട്ടർ സാക്ഷരതാമിഷൻ സി.ഇ.ഒ നിഷാ രാജ് സ്വാഗതവും സ്റ്റേറ്റ് കോ - ഓർഡിനേറ്റർ ജിബി ജോസ് നന്ദിയും പറഞ്ഞു.