a

ഇളമണ്ണൂർ: കൊവിഡ് പടർന്ന ശേഷം വിദേശരാജ്യങ്ങളിൽ പി.വി.സി ബാക്ക്ഡ് കയർ മാറ്റിന് ആവശ്യക്കാരേറിയത് കയർ ഉല്പ്പന്ന നിർമ്മാണ മേഖലയ്ക്ക് പുത്തനുണർവായി. കേരളാ സ്റ്റേ റ്റ് കയർ കോർപ്പറേഷൻ ലിമിറ്റഡിന്റെ അടൂർ ഏനാദിമംഗലം കിൻഫ്ര പാർക്കിലെ ട്രാവൻകൂർ കയർ കോംപ്ലക്സിലാണ് പി.വി.സി ടസ്റ്റഡ് കയർ മാറ്റ് (ചവിട്ടി ) നിർമ്മിക്കുന്നത്. കൊവിഡിനെ തുടർന്ന് വിദേശരാജ്യങ്ങളിൽ നിലവിലുള്ള മാറ്റ് മാറ്റി പുതിയവ സ്ഥാപിക്കുകയാണ്, ഇത് കയർ മാറ്റിന്റെ ഡിമാൻഡ് വർദ്ധിക്കാൻ കാരണമായി. ഏനാദിമംഗലത്ത് നിന്ന് കയർ ഉല്പന്നങ്ങൾ അമേരിക്ക, ബ്രസീൽ, ഫ്രാൻസ്, ഹോളണ്ട്, ഓസ്ട്രേലിയ, നെതർലാന്റ് എന്നിവിടങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നുണ്ട്. ഒരു ദിവസം ഒരു ലക്ഷം സ്ക്വയർ മീറ്റർ കയർ മാറ്റാണ് ഉല്പ്പാദിപ്പിക്കുന്നത്. ഇവയുടെ നിർമ്മാണത്തിനായി ഒരു ദിവസം പതിനായിരം കിലോ കയർ ആവശ്യമാണ്. കയർഫെഡിന്റെ കീഴിലുള്ള സഹകരണ സ്ഥാപനങ്ങളിൽ നിന്നാണ് ഇതിനായി ഇഴക്കയർ ശേഖരിക്കുന്നത്. ഇത് കയർ പിരിക്കുന്ന തൊഴിലാളികളുടെ വരുമാന വർദ്ധനവിനും സഹായമാകുന്നു.

അടൂരിലെ കയർ കോംപ്ലക്സിൽ 60 ജീവനക്കാരാണുള്ളത്. ഇവിടെ നിർമ്മിക്കുന്ന പി.വി സി ടക്റ്റഡ് മാറ്റ് വൈകിട്ട് ആലപ്പുഴയിൽ എത്തിച്ച് വർണ്ണങ്ങളും ചിത്രങ്ങളും പതിപ്പിച്ച ശേഷമാണ് വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നത്.