ksrtc
പത്തനംതിട്ട കെ.എസ്.ആർ.ടി.സി ടെർമിനൽ

പത്തനംതിട്ട: കെ.എസ്.ആർ.ടി.സി ഓഫീസ് നാളെ മുതൽ പുതിയ കെട്ടിടത്തിൽ പ്രവർത്തിയ്ക്കും. ഡി.ടി.ഒയുടെ അടക്കമുള്ള ഓഫീസ് ആണ് പുതിയ കെട്ടിടത്തിലേക്ക് മാറാൻ തയാറെടുക്കുന്നത്. പ്ലംബിംഗ് ഇലകട്രീഷൻ ജോലികൾ ഇന്നു പൂർത്തിയാകും. നിലവിലുള്ള ഓഫീസ് കെട്ടിടം പൊളിച്ചു മാറ്റിയാലെ ബസുകൾ ഇടാനാവശ്യമായ യാർഡിന്റെ പണി പൂർത്തിയാക്കാൻ സാധിക്കു. എട്ടോളം സെക്ഷനിൽ മുപ്പത്തിരണ്ടോളം ജീവനക്കാർ ജോലി ചെയ്യുന്ന ഓഫീസാണിത്. രണ്ട് ജീവനക്കാർക്ക് താമസിക്കാനുള്ള സൗകര്യമടക്കം പുതിയ കെട്ടിടത്തിലുണ്ട്.

മൂന്ന് നിലയുള്ള കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് ഓഫീസ്. ഡി.ടി.ഒ ഓഫീസ് അടക്കം ഇവിടെയാണ്. ഗാരേജ് പഴയതുപോലെ നിലനിറുത്തിയിരിക്കുകയാണ്. യാർഡിന്റെ പണികൾ ഉടൻ പൂർത്തീകരിക്കും. രണ്ട് മാസത്തിനുള്ളിൽ ഡിപ്പോ പൂർണമായും പുതിയ കെട്ടിടത്തിലാകും.

അഞ്ച് വർഷം പിന്നിടുന്നു

കെ.എസ്.ആർ.ടി.സി ടെർമിനൽ നിർമ്മാണം ആരംഭിച്ചിട്ട് 5 വർഷം കഴിഞ്ഞു. കരാറുകാരുമായുണ്ടായ അഭിപ്രായഭിന്നത ഇടയ്ക്ക് നിർമ്മാണം നിലയ്ക്കാൻ കാരണമായി. ടെർമിനലിന്റെ താഴത്തെ നില ഒഴികെ ബാക്കി നിലകളിൽ പണി പൂർത്തിയായിട്ടുണ്ട്. നിലവിലെ വർക്ക് ഷോപ്പ് ഒഴികെയുള്ള ഓഫീസ്, സെക്യൂരിറ്റി കെട്ടിടം എന്നിവ പൊളിച്ചു മാറ്റിയാലെ ബസ് പാർക്കിംഗിനായി സ്ഥലം ലഭിക്കുകയുള്ളു. ശബരിമല മണ്ഡലകാലത്ത് ലക്ഷകണക്കിന് തീർത്ഥാടകർ എത്തുന്ന ഡിപ്പോയാണിത്. ഇപ്പോൾ നഗരസഭയുടെ അധീനതയിലുള്ള പ്രൈവറ്റ് ബസ് സ്റ്റാൻഡിന്റെ ഒരു ഭാഗം കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് ആയി ഉപയോഗിക്കുകയാണ്.

പണി ആരംഭിച്ച് രണ്ട് വർഷത്തിനുള്ളിൽ പൂർത്തീകരിക്കാനായിരുന്നു ലക്ഷ്യമിട്ടത്. 2017 മാർച്ച് 31വരെ ആയിരുന്നു നിർമ്മാണ കാലയളവ്.

നിർമ്മാണ ചെലവ് 9.20 കോടി

"നിലവിൽ ഓഫീസ് മാറ്റിയാൽ മാത്രമേ പഴയ കെട്ടിടം പൊളിക്കാൻ കഴിയുകയുള്ളു. നിർമ്മാണം രണ്ട് മാസത്തിനുള്ളിൽ പൂർത്തിയാക്കാൻ കഴിയും. "

വീണാ ജോർജ് എം.എൽ.എ