തിരുവല്ല: നഗരത്തിലെ കെ.എസ്ആർ.ടി.സി സമുച്ചയത്തിലെ ഭൂഗർഭ പാർക്കിംഗ് മേഖലയിൽ ഉൾപ്പെടെ അക്രമവും കവർച്ചയും നടത്തി പ്രതികൾ അഴിഞ്ഞാടിയിട്ടും ഇവരെ കണ്ടെത്താൻ പൊലീസിന് സാധിച്ചിട്ടില്ല. രണ്ടാഴ്ചയ്ക്കിടെ താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ വടിവാൾ സംഘത്തിന്റെ അക്രമങ്ങളും ഭീഷണിപ്പെടുത്തലും കവർച്ചയും വ്യാപാര സ്ഥാപനത്തിൽ കല്ലേറും ഉണ്ടായത് ജനങ്ങളെ ഭീതിയിലാക്കിയിരിക്കുകയാണ്. പുതുവർഷത്തിന്റെ തലേദിവസം ഇരുട്ടിന്റെ മറവിൽ വ്യാപാരിക്ക് ക്രൂരമർദനമേറ്റ സംഭവം നഗരത്തെ ഞെട്ടിച്ചു. കേരള സിൽക്‌സ് ഉടമ റഹീമിന്റെ മകൻ ബിലാലിനു നേരെയാണ് അക്രമം ഉണ്ടായത്. മർദിക്കുകയും ഫോണും മറ്റും കവർച്ച ചെയ്യുകയും ചെയ്തു. പാർക്കിംഗ് ഫീസ് ഉൾപ്പെടെ വാങ്ങിയാണ് വാഹനങ്ങൾക്ക് സൗകര്യം ഒരുക്കുന്നതെങ്കിലും ഇവിടെ വേണ്ടത്ര ലൈറ്റുകളോ,സി.സി. ടി.വി കാമറകളോ സ്ഥാപിച്ചിട്ടില്ല. കവിയൂരിൽ പുതുവർഷരാത്രിയിൽ മോഷണശ്രമം ഉണ്ടായി.വില്ലേജ് ഓഫീസിന് സമീപത്തെ മലയിൽ തെക്കേതിൽ വിനോദ് ഏബ്രഹാമിന്റെ പവർ ടൂൾസ് വാടകയ്ക്ക് നൽകുന്ന സ്ഥാപനത്തിലെ മോഷണശ്രമം ഉടമയുടെ ശ്രദ്ധയിൽപെട്ടതോടെ പൊളിയുകയായിരുന്നു. എന്നാൽ മോഷ്ടാവ് രക്ഷപെട്ടു. ഇവിടെ ക്ഷേത്രത്തിനു സമീപം നാലുദിവസം മുൻപാണ് രാത്രി രണ്ടിന് വാഹനം തടഞ്ഞുനിറുത്തി പണം തട്ടാനുള്ള ശ്രമം നടന്നത്. ഇതിന് ഒരാഴ്ച മുമ്പാണ് വൈകുന്നേരം മൂന്നിന് കടയിൽ സാധനം വാങ്ങാനെന്ന വ്യാജേന എത്തി കടയുടമയായ സ്ത്രീയുടെ സ്വർണമാല അപഹരിച്ച് പ്രതികൾ കടന്നത്. 25ന് പുലർച്ചെ വള്ളംകുളത്ത് അച്ചൂസ് ലൈറ്റ് ഹൗസിന് നേരെയും അക്രമം ഉണ്ടായി. നെടുമ്പ്രം ഒറ്റത്തെങ്ങ് ജംഗ്‌ഷന് സമീപം തലവടി സ്വദേശിയായ മത്സ്യവ്യാപാരിയെ മാരകായുധം കാട്ടി ഭീഷണിപ്പെടുത്തി പണംകവർന്ന സംഭവവും ഉണ്ടായി. കാവുംഭാഗത്തും മതിൽഭാഗത്തുമായി പത്ത് ദിവസം മുമ്പ് പ്രഭാത സവാരിക്കാരെ കാറിലെത്തി ആക്രമിച്ച സംഭവത്തിൽ പിടിയിലായ പ്രതികൾ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിൽ നിന്നും രക്ഷപെട്ടിരുന്നു. ഈ സംഘമാകാം അക്രമങ്ങൾക്ക് പിന്നിലെന്ന നിഗമനത്തിലാണ് പൊലീസ്. സംഭവങ്ങൾ പെരുകിയതോടെ രാത്രി പുറത്തിറങ്ങാൻ ജനങ്ങൾ ഭയപ്പെടുകയാണ്.
പൊലീസിന്റെ പേരിൽ വ്യാജ പ്രചാരണങ്ങളും
തിരുവല്ലയിലെ പരിസരപ്രദേശങ്ങളിലും താമസിക്കുന്നവരുടെ ശ്രദ്ധയ്ക്ക് എന്ന് തുടങ്ങുന്ന കുറിപ്പാണ് സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. മാരകായുധങ്ങളുമായി ആക്രമികൾ രാത്രി വിഹരിക്കുകയാണെന്നും സംഘത്തിൽ പെൺകുട്ടികൾ ഉണ്ടെന്നും രാത്രി പുറത്തിറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്നും കുറിപ്പിൽ പറയുന്നു..
ഇത്തരത്തിലുള്ള സന്ദേശം പുറപ്പെടുവിച്ചിട്ടില്ല. ഈ വ്യാജസന്ദേശം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതേക്കുറിച്ച് അന്വേഷണം നടത്തും..
ടി.രാജപ്പൻ
(ഡിവൈ.എസ്.പി)