അടൂർ : ഏഴംകുളം പഞ്ചായത്തിലെ പുതുമല ഒന്നാം വാർഡിലെ മുഴുവൻ വീടുകളേയും സംബന്ധിച്ചുള്ള സമഗ്ര സാമൂഹിക, സാമ്പത്തിക വിവര ശേഖരണത്തിന് ഇന്ന് തുടക്കം കുറിക്കും. ഓരോ കുടുംബത്തിലേയും അംഗങ്ങൾ,വീട്,ഭൂമി, കുടിവെള്ളം, കൃഷി, തൊഴിൽ, മൃഗസംരക്ഷണം, വഴികൾ, മാലിന്യസംസ്ക്കരണം,സാമൂഹ്യസുരക്ഷാ പെൻഷൻ, അപൂർവ സസ്യ ജന്തുക്കൾ തുടങ്ങി എല്ലാ മേഖലകളേയും സംബന്ധിക്കുന്ന അടിസ്ഥാന വിവരശേഖരണമാണ് നടത്തുന്നത്.ഇതിന്റെ അടിസ്ഥാനത്തിൽ വിദഗ്ദ്ധരുടെ സഹായത്തോടെ സമഗ്ര വികസന രൂപരേഖ തയാറാക്കുകയാണ് ലക്ഷ്യമെന്ന് വാർഡ് മെമ്പർ ബാബു ജോൺ പറഞ്ഞു.വിവര ശേഖരണത്തിന്റെ ഉദ്ഘാടനം ചിറ്റയം ഗോപകുമാർ എം.എൽ.എ നിർവഹിക്കും. ജില്ലാ പഞ്ചായത്തംഗം ബീനാ പ്രഭ,ബ്ളോക്ക് പഞ്ചായത്തംഗം എം.മഞ്ചു, ഏഴംകുളംപഞ്ചായത്ത് പ്രസിഡന്റ് വി.എസ്.ആശ എന്നിവർ പങ്കെടുക്കും.ചടങ്ങിൽ വാർഡ് മെമ്പർ ബാബു ജോൺ അദ്ധ്യക്ഷതവഹിക്കും.