റാന്നി: റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ പിന്തുണക്കുന്നതിന് മുന്നോടിയായി കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗവും ബി.ജെ.പിയും തമ്മിലുണ്ടാക്കിയ കരാർ പുറത്ത്. അതിനു പിന്നാലെ റാന്നി പഞ്ചായത്തിലെ രണ്ട് ബി.ജെ.പി പ്രതിനിധികളെയും പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തതായി ജില്ലാ പ്രസിഡൻ്റ് അശോകൻ കുളനട അറിയിച്ചു. കേരള കോൺഗ്രസ് ജോസ് വിഭാഗം അംഗം ശോഭ ചാർളിയെ പിന്തുണക്കുന്നതിനായി 100 രൂപ മുദ്രപത്രത്തിൽ തയാറാക്കിയ കരാറിൻ്റെ പകർപ്പ് ബി.ജെ.പി നേതാവാണ് പുറത്തുവിട്ടത്. ശോഭ ചാർളിയും ബി.ജെ.പി റാന്നി നിയോജക മണ്ഡലം പ്രസിഡൻ്റും ഷൈൻ ജി. കുറുപ്പുമാണ് കരാറിൽ ഒപ്പിട്ടിരിക്കുന്നത്. കേരള കോൺഗ്രസിൻ്റെറ ഒഴികെ മറ്റ് എൽ.ഡി.എഫ് പരിപാടികളിൽ ശോഭ ചാർളി പങ്കെടുക്കുന്നത് വിലക്കുന്നതാണ് കരാർ. എൽ.ഡി.എഫ് പരിപാടികളിൽ പങ്കെടുക്കില്ലെന്ന ഉറപ്പാണ് മുദ്രപത്രത്തിൽ എഴുതി ശോഭ ചാർളി നൽകിയിരിക്കുന്നത്. റാന്നി പഞ്ചായത്തിലെ ബി.ജെ.പി അംഗങ്ങളായ രവീന്ദ്രൻ കെ.പി, വിനോദ് എ.എസ് എന്നിവരെയാണ് പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തത്. ബി.ജെ.പിക്ക് രണ്ട് അംഗങ്ങൾ മാത്രമാണ് റാന്നി പഞ്ചായത്തിലുള്ളത്. ഇവർ രണ്ടുമാണ് ശോഭ ചാർലിയുടെ പേര് നിർദേശിച്ചതും പിന്താങ്ങിയതും. സംഭവം വിവാദമായപ്പോൾ പാർട്ടിയുടെ രണ്ടംഗങ്ങൾ നേതൃത്വവുമായി ആലോചിക്കാതെയാണ് ശോഭ ചാർലിയെ പിന്തുണച്ചതെന്നാണ് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ അടക്കമുള്ളവർ പ്രതികരിച്ചത്. മുഖം രക്ഷിക്കാനാണ് രണ്ടുപേരെയും സസ്പെൻഡ് ചെയ്തതെന്നാണ് കരുതുന്നത്. ബി.ജെ.പി, സംഘപരിവാർ സംഘടനകളുമായി ആലോചിച്ച് മേൽകമ്മിറ്റികളെ അറിയിച്ച് കൊണ്ടാണ് ശോഭ ചാർലിയെ പിന്തുണക്കാൻ തീരുമാനിച്ചതെന്ന് ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡൻ്റ് ഷൈൻ ജി. കുറുപ്പ് വെളിപ്പെടുത്തിയിരുന്നു. കരാറിൽ ഒപ്പിട്ട ഷൈൻ ജി കുറുപ്പിനെതിരെ നടപടിയെടുത്തിട്ടുമില്ല. ഷൈൻ പരസ്യ പ്രസ്താവന നടത്തുന്നത് ജില്ലാ നേതൃത്വം വിലക്കിയിട്ടുണ്ട്. ബി.ജെ.പി പിന്തുണയോടെ പ്രസിഡന്‍റായ ശോഭ ചാർലിയെ എൽ.ഡി.എഫിൽ നിന്ന് പുറത്താക്കിയിരുന്നു. എന്നാൽ, കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗം ശോഭ ചാണ്ടിക്കെതിരെ നടപടി സ്വീകരിച്ചിട്ടില്ല.