ചെങ്ങന്നൂർ: മഹാദേവർ ക്ഷേത്രത്തിലെ ഉത്സവത്തിന് ആനയെ എഴുന്നള്ളിക്കാൻ ജില്ലാ കളക്ടർ എ.അലക്‌സാണ്ടർ അനുമതി നൽകി. ക്ഷേത്രത്തിൽ രണ്ടാം ഉത്സവനാൾ മുതൽ ആനപ്പുറത്ത് ശീവേലി നടത്തുകയാണ് പതിവ്. എന്നാൽ കൊവിഡ് നിയന്ത്രണങ്ങൾ അനുസരിച്ച് പരമാവധി ഒരാനയെ മാത്രമേ എഴുന്നളളിക്കാൻ അനുമതി ലഭിച്ചിരുന്നുള്ളു. ദേവസ്വം ബോർഡും ആദ്യം ഒരാനയ്ക്കുള്ള അനുമതിയാണു നൽകിയത്. പിന്നീട് ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ അടക്കമുള്ളവർ ആചാരപരമായ കാര്യങ്ങൾചൂണ്ടിക്കാട്ടി ദേവസ്വം ബോർഡിന് കത്തുനൽകി. കളക്ടറുടെ അനുമതി പ്രകാരം രണ്ടാനയെ എഴുന്നള്ളിക്കാൻ ദേവസ്വം ബോർഡ് അനുമതി നൽകുകയും ചെയ്തു. തുടർന്ന് ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ കളക്ടർക്ക് ആനയെഴുന്നള്ളത്തിന് അനുവാദം നൽകണമെന്ന് അപേക്ഷനൽകി. സജി ചെറിയാൻ എം.എൽ.എ ,ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ എന്നിവരും പ്രത്യേകം നിവേദനം നൽകി. ഇവരുടെ ആവശ്യത്തിന്റെ അടിസ്ഥാനത്തിൽ കളക്ടർ രണ്ടാനയെ എഴുന്നള്ളിക്കാൻ അനുമതി നൽകുകയായിരുന്നു. അചാരപരമായ ചടങ്ങുകളേ നടത്താവൂ. 50 പേരിൽ താഴെ ആളുകളെ മാത്രമേ ഒരു സമയം ഉൾക്കൊള്ളിക്കാവൂ എന്നും നിർദേശിച്ചു. 10നും 65നും ഇടയിൽ പ്രായമുള്ളവർ മാത്രമേ ദർശനത്തിന് എത്താവൂ എന്ന കർശന നിർദേശവും നൽകിയിട്ടുണ്ട്. ധനുമാസത്തെ തിരുവാതിരയ്ക്ക് കൊടിയേറി മകരത്തിരുവാതിരയ്ക്ക് ആറാട്ടോടെ അവസാനിക്കുന്ന 28 ദിവസത്തെ ഉത്സവമാണ് ക്ഷേത്രത്തിലേത്. ഇന്ന് 5ാം ഉത്സവമാണ്. ജനുവരി 26 ന് ആണ് ആറാട്ടുത്സവം.