sp
കെ.ജി. സൈമണിനെ ജില്ലാ പൊലീസ് ആസ്ഥാനത്ത് നിന്ന് യാത്രയാക്കുന്നു

ജില്ലാ പൊലീസ് മേധാവിമാരുടെ വിരമിക്കൽ വലിയ ജനശ്രദ്ധ നേടാറില്ല. എന്നാൽ പത്തനംതിട്ട ജില്ലാ പൊലീസ് ചീഫ് കെ.ജി. സൈമൺ വിരമിച്ചത് വാർത്താപ്രാധാന്യത്തോടെയും പൊതുജനങ്ങളുടെ സ്‌നേഹാദരങ്ങളോടെയുമാണ്. കുറ്റാന്വേഷണത്തിലെ മികവാണ് കെ.ജി.സൈമണിനെ ശ്രദ്ധേയനാക്കിയത്.

കൂടത്തായിയിലെ ഒരു കുടുംബത്തിൽ ആറംഗങ്ങളുടെ പലപ്പോഴായുള്ള മരണം കൂട്ടക്കൊലക്കേസായി പരിണമിച്ചപ്പോഴാണ് കെ.ജി. സൈമണിന്റെ കഴിവ് കേരളം അറിഞ്ഞത്. കോളിളക്കമുണ്ടാക്കിയ കേസിൽ ശാസ്ത്രീയവും ആസൂത്രിതവുമായ അന്വേഷണത്തിലൂടെ പ്രതിയെ നിയമത്തിന് മുന്നിലെത്തിച്ചതിൽ സൈമൺ എന്ന പൊലീസ് ഓഫീസറുടെയും അദ്ദേഹത്തിന്റെ ടീമംഗങ്ങളുടെയും പ്രവർത്തന മികവ് ഏറെ ചർച്ചചെയ്യപ്പെട്ടു. പൊലീസ് സേനയ്‌ക്കാകെ അഭിമാനമായി മാറിയ കേസന്വേഷണത്തിലൂടെ സൈമൺ എന്ന പൊലീസ് ഓഫീസർക്ക് പൊതുജനം 'കൂടത്തായി സൈമൺ' എന്ന പേര് നല്‌കിയത് ബഹുമതി എന്ന നിലയിലാണ് !

മാതാപിതാക്കളിൽ നിന്ന് ലഭിച്ച നല്ല ശിക്ഷണവും സത്യസന്ധതയും കേസന്വേഷണങ്ങൾ ആസ്വദിച്ച് മുന്നോട്ടു കൊണ്ടുപോകാൻ കഴിഞ്ഞതുമാണ് തന്റെ വിജയത്തിന് അടിസ്ഥാനമെന്നാണ് കെ.ജി. സൈമൺ വിരമിക്കൽ ചടങ്ങിൽ പറഞ്ഞത്. സഹപ്രവർത്തകരെ വിശ്വാസത്തിലെടുക്കുക, അവരുടെ അഭിപ്രായങ്ങളും നിഗമനങ്ങളും ശ്രദ്ധിച്ച് കേൾക്കുക, മേലുദ്യോഗസ്ഥരെ ശരിയായി കാര്യങ്ങൾ ധരിപ്പിക്കുക... ഇതൊക്കെ ഔദ്യോഗിക ജീവിതത്തിൽ പ്രയോജനപ്പെട്ടെന്ന് അദ്ദേഹം വിശദീകരിച്ചു.

1984 ൽ സബ് ഇൻസ്പെക്‌ടറായി നിയമനം ലഭിച്ച സൈമണിന്റെ ആദ്യ പോസ്റ്റിംഗ് തിരുവനന്തപുരം ജില്ലയിലായിരുന്നു. സർവീസിന്റെ 99 ശതമാനവും ക്രമസമാധാന ചുമതല വഹിച്ചു. രാഷ്ട്രപതിയുടെ പൊലീസ് മെഡലും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ബഹുമതികളുമടക്കം ഇരുന്നൂറിൽപ്പരം പുരസ്‌കാരങ്ങൾ നേടിയാണ് 36 വർഷത്തെ സേവനം അവസാനിക്കുന്നത്.

പത്തനംതിട്ടയിൽ

സർവീസിന്റെ അവസാന എട്ടുമാസം പത്തംതിട്ട പൊലീസ് ചീഫായിരുന്നു സൈമൺ. കാണാതായ റാന്നി കൊല്ലമുള സ്വദേശി കോളേജ് വിദ്യാർത്ഥിനി ജസ്‌ന മരിയം ജെയിംസിന് എന്തു സംഭവിച്ചെന്ന് കേരളം ആകാംക്ഷാഭരിതരായി ചോദിച്ചുകൊണ്ടിരുന്ന സമയത്താണ് സൈമൺ പൊലീസ് ചീഫായി എത്തുന്നത്. ജസ്‌ന കേസിൽ നിർണായക വഴിത്തിരിവുണ്ടെന്ന് എ.ഡി.ജി.പി ടോമിൻ തച്ചങ്കരിയുടെ വെളിപ്പെടുത്തൽ കൂടി പുറത്തു വന്നതിനിടെയാണ് മഹാമാരിയായി കൊവിഡ് പത്തനംതിട്ടയിൽ പിടിമറുക്കിയത്. സംസ്ഥാനത്ത് രോഗവ്യാപനത്തിന്റെ രണ്ടാംഘട്ടം പത്തനംതിട്ടയിൽ നിന്ന് തുടങ്ങിയതോടെ പൊലീസ് സേന കൊവിഡ് പ്രതിരോധത്തിൽ മുഴുകിയത് കേസിന്റെ മുന്നോട്ടുള്ള നീക്കത്തെ ബാധിച്ചു. ജസ്‌ന കേസിൽ ഒന്നും വെളിപ്പെടുത്താറായിട്ടില്ലെങ്കിലും നിർണായക വിവരങ്ങൾ ലഭിച്ചെന്നാണ് വിരമിക്കും മുൻപ് സൈമൺ പറഞ്ഞത്. അന്വേഷണ സംഘത്തിലെ അംഗങ്ങൾക്ക് കൊവിഡ് ബാധിച്ചത് താത്‌കാലിക പ്രതിസന്ധിയുണ്ടാക്കി. എങ്കിലും കേസിൽ ഉടനെ പുരോഗതിയുണ്ടാകുമെന്നാണ് സൈമണിന്റെ അഭിപ്രായം. ജസ്‌ന കേസ് അന്വേഷണം തന്റെ കാലയാളവിൽ പൂർത്തിയാക്കാൻ കഴിയാത്തതിൽ നിരാശയുണ്ടെങ്കിലും, അടുത്തിടെ പത്തനംതിട്ടയിൽ നടന്ന രണ്ട് അരുംകൊലകളിൽ പ്രതികളെ പിടികൂടാൻ കഴിഞ്ഞതും പോപ്പുലർ ഫിനാൻസ് തട്ടിപ്പുകേസിലെ പ്രതികൾ വിദേശത്തേക്ക് കടക്കാതെ കുടുക്കാൻ കഴിഞ്ഞതും സൈമണിന്റെ അന്വേഷണ മികവാണ്.

കൊടുമണ്ണിൽ 16കാരനായ സ്കൂൾ വിദ്യാർത്ഥിയെ മർദ്ദിച്ചും കഴുത്തുവെട്ടിയും കൊന്നശേഷം രക്ഷപ്പെടാൻ ശ്രമിച്ച സഹപാഠികൾക്ക് പൊലീസിന് മുന്നിൽ കുറ്റം സമ്മതിക്കേണ്ടി വന്നു.

കൊവിഡ് പ്രതിരോധം

പത്തനംതിട്ടയിലെ സർവീസിന്റെ ഏറെ നാളുകളിലും കൊവിഡ് പ്രതിരോധത്തിൽ പാെലീസ് സേനയെ സജ്ജമാക്കുന്നതിലായിരുന്നു സൈമണിന്റെ ശ്രദ്ധ. വയോജനങ്ങളുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കാൻ 'പ്രശാന്തി ' ഹെൽപ്പ് ലൈൻ കാര്യക്ഷമമായി നടപ്പാക്കി. ഓൺലൈനിൽ പരാതികൾ കേൾക്കുന്നതിനും പരിഹരിക്കുന്നതിനും ആശയവിനിമയം നടത്തി. ഏതുസമയവും മുതിർന്ന പൗരന്മാർക്ക് സേവനം ഉറപ്പുവരുത്തി. ലോക്ഡൗണിൽ ഗതാഗത നിയന്ത്രണങ്ങൾക്കും പരിശോധനകൾക്കും പുറമേ മരുന്നുകളും ഭക്ഷണ സാധനങ്ങളുമായി നിരാലംബർക്കും നിർദ്ധനർക്കും ആശ്വാസമായി പൊലീസുണ്ടായിരുന്നു.

കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ ജില്ലാ ഭരണകൂടത്തോടും വിവിധ വകുപ്പുകളോടൊപ്പവും ചേർന്ന് മികച്ച പ്രവർത്തനം നടത്തി. ജനമൈത്രി, എസ്.പി.സി തുടങ്ങിയ പദ്ധതികളെ ജനകീയമാക്കി.

പാസ്‌പോർട് വെരിഫിക്കേഷൻ അതിവേഗമാക്കുന്നതിൽ സംസ്ഥാനത്ത് രണ്ടാംസ്ഥാനത്ത് പത്തനംതിട്ട ജില്ലയെ എത്തിക്കാനായി. കുട്ടികൾക്ക് പ്രത്യേക ഇടങ്ങളൊരുക്കി ആറ് പൊലീസ് സ്റ്റേഷനുകളിൽ സൗഹൃദകേന്ദ്രങ്ങൾ നിർമിച്ചു. കൊവിഡ് ബാധയുണ്ടാകുന്ന പൊലീസുദ്യോഗസ്ഥർക്ക് ക്വാറന്റീനിൽ കഴിയാൻ സൗകര്യമൊരുക്കി. പഠനം മുടങ്ങിയ കുട്ടികൾക്ക് സഹായമുറപ്പാക്കുന്ന 'ഹോപ്പ് 'പദ്ധതി നടപ്പാക്കി. പുതിയ സൈബർ പൊലീസ് സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചു. പത്തനംതിട്ടയിൽ വനിതാ പൊലീസ് സ്റ്റേഷൻ തുറക്കുന്നതിനും കെ.ജി.സൈമൺ മുൻകൈയെടുത്തു.

സഹപ്രവർത്തകരുടെ സ്നേഹനിർഭരമായ യാത്രയയപ്പ് ഏറ്റുവാങ്ങിയാണ് സൈമൺ ഇക്കഴിഞ്ഞ 31ന് ജില്ലാ പാെലീസ് ആസ്ഥാനത്ത് നിന്ന് വിടവാങ്ങിയത്.