metling
മെറ്റലിംഗ് പുനരാരംഭിച്ച മനയ്ക്കച്ചിറ - കിഴക്കൻ മുത്തൂർ റോഡ്

തിരുവല്ല: മൂന്ന് മാസക്കാലമായി മുടങ്ങിക്കിടന്നിരുന്ന മനയ്ക്കച്ചിറ - കിഴക്കൻ മുത്തൂർ റോഡിന്റെ നിർമ്മാണം പുനരാരംഭിച്ചതാണ് വലിയ പ്രതീക്ഷയേകുന്നത്.കിഫ്ബിയുടെ 25 കോടി രൂപയുടെ ഫണ്ട് ഉപയോഗിച്ച് രാജ്യാന്തര നിലവാരത്തിൽ പുനർ നിർമിക്കുന്ന റോഡിന്റെ പണികൾ എസ്റ്റിമേറ്റിലെ സാങ്കേതിക പ്രശ്നങ്ങളുടെ ഭാഗമായാണ് മുടങ്ങിക്കിടന്നിരുന്നത്. നാലര കിലോമീറ്റർ ദൂരം വരുന്ന റോഡിന്റെ തുടക്കഭാഗം മുതലുള്ള രണ്ടര കിലോമീറ്റർ ഭാഗത്തെ ഒന്നാംഘട്ട ടാറിംഗ് നേരത്തേ പൂർത്തിയാക്കിയിരുന്നു. ബാക്കിയുള്ള രണ്ട് കിലോമീറ്റർ ഭാഗത്തെ പണികളാണ് മുടങ്ങിയത്. ഈ ഭാഗത്തെ മെറ്റിലിംഗ് ജോലികളാണ് പുനരാരംഭിച്ചത്.രണ്ടാം ഘട്ട മെറ്റിലിംഗിന് ശേഷം ഒന്നാം ഘട്ട ടാറിംഗ് ആരംഭിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അസി.എൻജിനീയർ അറിയിച്ചു.

പരുത്തിക്കപ്പടി റോഡ് പുനരുദ്ധീകരിക്കും

തകർന്ന് കിടന്നിരുന്ന പരുത്തിക്കപ്പടി - അഴിയിടത്തുചിറ റോഡിന്റെ പുനരുദ്ധാരണമാണ് മറ്റൊരു പ്രതീക്ഷയ്ക്ക് വകയുള്ളത്. കാവുംഭാഗം - മുത്തൂർ, കാവുംഭാഗം - ഇടിഞ്ഞില്ലം എന്നീ പാതകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന റോഡായ പരുത്തിക്കപ്പടി റോഡ് പുനരുദ്ധരിക്കുന്നത് ഏറെ പ്രയോജനപ്രദമാണ്. നഗരസഭയിലെ 29, 31 എന്നി വാർഡുകളിലൂടെ കടന്നുപോകുന്ന റോഡാണിത്. തകർന്നു കിടന്നിരുന്ന റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ജനനന്മ റെസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തിയ നിരന്തരമായ സമര പരിപാടികളെ തുടർന്ന് റോഡ് പുനർ നിർമിക്കാനായി നഗരസഭാ ഫണ്ടിൽ നിന്നും 12 ലക്ഷം രൂപ അനുവദിക്കുകയായിരുന്നു.

ഗതാഗത നിയന്ത്രണം

നിർമ്മാണത്തിന്റെ ഭാഗമായി ഇന്ന് വരെ റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചതായി നഗരസഭാ സെക്രട്ടറി അറിയിച്ചു. നാളെ മുതൽ വാഹനഗതാഗതം പുനരാരംഭിക്കും.