കോഴഞ്ചേരി : പി.ഐ.പി (പമ്പാ ഇറിഗേഷൻ പ്രോജക്ട് ) കനാലിലെ വെള്ളമൊഴുക്കിന് തടസമായി മാലിന്യങ്ങൾ അടിഞ്ഞുകൂടിക്കിടക്കുന്നത് നീക്കം ചെയ്യാൻ നടപടിയില്ല. ഇതുമൂലം ഉപകനാലുകൾ വഴി യഥാസമയം വെള്ളം ലഭിക്കാതെ കർഷകർ വലയുകയാണ്.
ചെറുകോൽ വാഴക്കുന്നം ഭാഗത്ത് നിന്ന് രണ്ടായി തിരിയുന്ന ഇടതുകര, വലതുകര കനാലുകളിൽ മിക്കയിടത്തും മാലിന്യങ്ങൾ കെട്ടിക്കിടക്കുകയാണ്. വേനൽക്കാലത്ത് കനാലിലൂടെ വെള്ളമൊഴുക്കുന്നതിന്റെ ഭാഗമായി വെട്ടിമാറ്റിയ കാടും പടർപ്പുകളും പാഴ്മരങ്ങളുമാണ് നീക്കം ചെയ്യാതെ കൂട്ടിക്കിടക്കുന്നത്. ഒഴുക്ക് നിലച്ച് കെട്ടിക്കിടക്കുന്ന വെള്ളം മലിനമാകുന്നുമുണ്ട്. കനാലിലെ ഒഴുക്ക് നിലച്ചത് പടിഞ്ഞാറൻ മേഖലയിലുള്ളവരെയാണ് ഏറെ ദുരിതത്തിലാക്കിയത്.
കാടുകളും മറ്റും നീക്കം ചെയ്യുന്നതിന് കരാറെടുത്തവരുടെ
അനാസ്ഥയാണ് ഇൗ ദുരിതത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.
പ്രശ്നം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കാട് തെളിച്ചതിന്റെ അവശിഷ്ടങ്ങൾ
നീക്കുന്നതിന് ഉടൻ നടപടി സ്വീകരിക്കും.
( അസി. എൻജിനിയർ, പി.ഐ.പി ഡിവിഷൻ, ചെങ്ങന്നൂർ)