തിരുവല്ല: ശ്രീവല്ലഭ മഹാക്ഷേത്രത്തിൽ ആരംഭിച്ച ദേവഹരിതം പദ്ധതിയുടെ നാലാംഘട്ടത്തിൽ തെങ്ങും മറ്റ് ഫലവൃക്ഷങ്ങളും പൂച്ചെടികളും നട്ടുപിടിപ്പിക്കുന്ന ജോലികൾ തുടങ്ങി. ഇവ നട്ടുവളർത്താനായി ക്ഷേത്രവളപ്പിലെ വടക്ക് ഭാഗത്ത് കാടുവെട്ടിത്തെളിക്കൽ ജോലികളാണ് തുടങ്ങിയത്. ദേവസ്വംബോർഡിന്റെ ഉത്തരവു പ്രകാരം ശ്രീവല്ലഭേശ്വര അന്നദാന സമിതി മുൻകൈയെടുത്തു നടപ്പിലാക്കി വരുന്നതാണ് ശ്രീവല്ലഭ ക്ഷേത്രത്തിലെ ദേവഹരിതം പദ്ധതി. ഇക്കഴിഞ്ഞ മേയിൽ ആരംഭിച്ച പദ്ധതിയിലൂടെ ക്ഷേത്രവളപ്പിൽ തുളസി, കദളി വാഴ, കരനെല്ല്, എള്ളുകൃഷി എന്നിവ നടപ്പിലാക്കി. ഇപ്പോൾ ഫലവൃക്ഷങ്ങളും തെച്ചി, മന്ദാരം, നന്ത്യാർവട്ടം, പനിനീർ തുടങ്ങിയ പൂച്ചെടികളും വളർത്തി ക്ഷേത്രത്തിലെ ആവശ്യത്തിന് ഉപയോഗിക്കും. ശ്രീവല്ലഭേശ്വര അന്നദാനസമിതി പ്രസിഡന്റ് എൻ.ശ്രീകുമാരപിള്ള, ജനറൽസെക്രട്ടറി വി.ശ്രീകുമാർ, ജോ.സെക്രട്ടറിമാരായ വി.ഗോപാലൻ, കെ.എൻ മോഹനകുമാർ, ട്രഷറർ സത്യനാരായണൻ, എ.കെ സദാനന്ദൻ എന്നിവരെക്കൂടാതെ ആർ.പി ശ്രീകുമാർ, എസ്.അനന്തനാരായണൻ, ഓമനകുമാർ, ഉണ്ണി പിഷാരത്ത് എന്നിവർ നേതൃത്വം നൽകുന്നു. പദ്ധതിയുമായി സഹകരിക്കുവാൻ താത്പര്യമുള്ള ഭക്തജനങ്ങൾക്ക് പൂച്ചെടികളും തെങ്ങിൻതൈകളും ഫലവൃക്ഷത്തൈകളും ക്ഷേത്രത്തിൽ എത്തിച്ചുനൽകാം.