പത്തനംതിട്ട: ജില്ലാ മെഡിക്കൽ ഓഫീസ്, ആരോഗ്യ കേരളം പത്തനംതിട്ട എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ തയാറാക്കിയ 2021 വർഷത്തെ ആരോഗ്യ കലണ്ടർ മന്ത്രി കെ. കെ. ശൈലജ പ്രകാശനം ചെയ്തു.
ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എബി സുഷന് കലണ്ടർ കൈമാറിയാണ് പ്രകാശനം നിർവഹിച്ചത്. ജില്ലാ മാസ് മീഡിയ ഓഫീസർ എ. സുനിൽകുമാർ, ആരോഗ്യ കേരളം ജൂനിയർ കൺസൾട്ടന്റ് തേജസ് ഉഴുവത്ത്, കൺസൾട്ടന്റ് എൻജിനിയർ ടോം തോമസ് എന്നിവർ പങ്കെടുത്തു.
ആരോഗ്യവകുപ്പ് ജില്ലയിൽ നടപ്പാക്കിവരുന്ന ആർദ്രം മിഷൻ, ഹൃദ്യം, ഇ സഞ്ജീവിനി, അമ്മയും കുഞ്ഞും പദ്ധതി, ശിശു ആരോഗ്യ പദ്ധതികൾ, കൊവിഡ് പ്രതിരോധം, രോഗ പ്രതിരോധ കുത്തിവയ്പ്പുകൾ തുടങ്ങിയവയെക്കുറിച്ച് കലണ്ടറിൽ പ്രതിപാദിക്കുന്നുണ്ട്. പ്രധാന ആരോഗ്യ ബോധവൽക്കരണ ദിനങ്ങൾ കലണ്ടറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ആരോഗ്യ കേന്ദ്രങ്ങൾ, തദ്ദേശ സ്ഥാപനങ്ങൾ, സർക്കാർ ഓഫീസുകൾ എന്നിവിടങ്ങളിൽ കലണ്ടർ പ്രദർശിപ്പിക്കും.