പത്തനംതിട്ട: സ്കൂളുകളും കോളേജുകളും തുറന്നു. ബാറുകൾ തുറന്നു. സിനിമാ ശാലകൾ നാളെ മുതൽ തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകി. ഉത്സവങ്ങളും പൊതുപരിപാടികളും നിയന്ത്രണങ്ങളോടെ നടത്താമെന്നും സർക്കാർ അറിയിച്ചു. എന്നിട്ടും എല്ലാ സർവീസുകളും തുടങ്ങാൻ കെ.എസ്.ആർ.ടി.സിക്ക് മടി. മതിയായ യാത്രാ സൗകര്യമില്ലാതെ ജനം വലഞ്ഞിട്ടും സർവീസുകൾ തുടങ്ങാൻ നടപടി ആയില്ല.
ഒാർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾ പകുതിയോളം സർവീസുകളാണ് നടത്തുന്നത്. അതും പകൽ സമയങ്ങളിൽ മാത്രം. വൈകിട്ട് 6.30 കഴിഞ്ഞാൽ പത്തനംതിട്ടയിൽ നിന്ന് ഒരിടത്തേക്കും ബസുകൾ ഇല്ലാത്ത സ്ഥിതി തുടരുകയാണ്. ഇക്കാര്യം യാത്രക്കാർ പരാതിയായി പല തവണ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. വിവിധ ഒാഫീസുകളിലും വ്യാപാര സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന നിരവധിയാളുകൾ ലോക്ക് ഡൗൺ കാലം മുതൽ ബൈക്കുകളിലും കാറുകളിലും യാത്ര തുടരുകയാണ്. പല സ്ഥാപനങ്ങളിലും ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ചത് പുന:സ്ഥാപിച്ചിട്ടില്ല. ഇതിനിടെയാണ് കെ.എസ്.ആർ.ടി.സി സർവീസ് നടത്താതെ ജനങ്ങളെ ദുരിതത്തിലാക്കുന്നത്. സ്വന്തമായി വാഹനങ്ങൾ ഉള്ളവരുടെ ഇന്ധന ചെലവ് ലോക്ക് ഡൗൺ കാലത്ത് ഇരിട്ടിയിലേറെയായത് ഇപ്പോഴും തുടരുകയാണ്. വാഹനങ്ങൾ ഇല്ലാത്തവർ മറ്റുള്ളവരെ ആശ്രയിച്ചാണ് ജോലി ചെയ്യുന്ന സ്ഥാപനങ്ങളിൽ എത്തുന്നത്.
രാത്രിയാത്ര വേണ്ടയോ ?
പത്തനംതിട്ടയിൽ നിന്ന് അടൂർ വഴി കൊല്ലം, കോന്നി, ഇലവുംതിട്ട വഴി ചെങ്ങന്നൂർ, പൊൻകുന്നം, റാന്നി ഭാഗങ്ങളിലേക്ക് വൈകുന്നേരം ആറര കഴിഞ്ഞാൽ ബസില്ല. കെ.എസ്.ആർ.ടി.സിയുടെ ലാഭകരമായ സർവീസുകളായിരുന്നു ഇതെല്ലാം. പത്തനംതിട്ട - കൊല്ലം റൂട്ടിൽ പകുതി ബസുകളാണ് സർവീസ് നടത്തുന്നത്. പത്തനംതിട്ടയിൽ നിന്ന് രാത്രിയിൽ 7.45, 8, 8.30 സമയങ്ങളിൽ സർവീസ് നടത്തേണ്ട കൊല്ലം ഡിപ്പോയിലെ ബസുകൾ സർവീസ് നടത്തുന്നില്ള. പത്തനംതിട്ടയിൽ നിന്നും അടൂരിൽ നിന്നും സീറ്റിംഗ് കപ്പാസിറ്റിക്കും അതിന് മുകളിലും എണ്ണം യാത്രക്കാരുണ്ടായിരുന്ന സർവീസായിരുന്നു ഇത്.
പത്തനംതിട്ടയിൽ നിന്ന് റാന്നിയിലേക്കും രാത്രി സമയങ്ങളിൽ ബസില്ല.
തിരുവല്ല വഴി കാേട്ടയം ഭാഗത്തേക്കുള്ള ബസ് സർവീസും ലാഭകരമായിരുന്നു.
മല്ലപ്പള്ളി ഡിപ്പോയുടെ തിരുവനന്തപുരം - പത്തനംതിട്ട - മല്ലപ്പള്ളി സർവീസും രാത്രിയാത്രക്കാർക്ക് ഏറെ പ്രയോജനപ്പെട്ടിരുന്നു. ഇതും നിലച്ചിരിക്കുകയാണ്.
കളക്ടർ ഇടപെടണം
ഇപ്പോഴത്തെ സ്ഥിതി മാറ്റി സാധാരണ പോലെ ബസ് സർവീസുകൾ ആരംഭിക്കാൻ ജില്ലാ കളക്ടർ ഇടപെടണമെന്നാണ് യാത്രക്കാരുടെ ആവശ്യം.