ചെങ്ങന്നൂർ: നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് യുവസഹോദരങ്ങൾ മരിച്ചു. ചെറിയനാട് നാടാലയിൽ തെക്കേതിൽ വീട്ടിൽ ഹരിദാസ് - സുജാത ദമ്പതികളുടെ മക്കളായ ഷൺമുഖൻ (22), അപ്പു (19) എന്നിവരാണ് മരിച്ചത്. എം.കെ റോഡിൽ കുളിക്കാംപാലം ജംഗ്ഷനു സമീപം ശനിയാഴ്ച അർദ്ധരാത്രിയാണ് അപകടം. അമ്മയുടെ ഇടവങ്കാട്ടുള്ള വീട്ടിലേക്ക് പോകുകയായിരുന്നു ഇരുവരും. അപ്പു സംഭവസ്ഥലത്തും ഷൺമുഖൻ ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചതിനു ശേഷവുമാണ് മരിച്ചത്.
സേലത്തു ജോലിയുണ്ടായിരുന്ന ഷൺമുഖൻ കഴിഞ്ഞ ഒരു വർഷമായി നാട്ടിലുണ്ട്. പ്ലസ് ടു കഴിഞ്ഞു നിൽക്കുകയാണ് അപ്പു. എതിർദിശയിൽ നിന്ന് വന്ന വാഹനത്തിന്റെ ലൈറ്റ് ഡിം ചെയ്യാതിരുന്നതാണ് അപകടത്തിന് കാരണമായതെന്ന് കരുതുന്നു. മൃതദേഹങ്ങൾ കൊവിഡ് പരിശോധനയ്ക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ഇടവങ്കാടുള്ള അമ്മ വീട്ടിൽ നടക്കും.