പത്തനംതിട്ട: സ്‌കൂളുകൾക്ക് പിന്നാലെ കോളേജുകളിലും ക്ളാസുകൾ തുടങ്ങി. കൊവിഡ് നിയന്ത്രണങ്ങൾ മൂലം അടച്ചിട്ട ക്ലാസ് മുറികളാണ് ഇന്നലെ മുതൽ വീണ്ടും സജീവമായത്. ബിരുദ, ബിരുദാനന്തര അവസാന വർഷക്കാർക്കാണ് ക്ലാസ് ആരംഭിച്ചത്. സാമൂഹിക അകലം പാലിച്ചാണ് ഓരോ ക്ലാസുകളും ക്രമീകരിച്ചിട്ടുള്ളത്.
ദൂരെ സ്ഥലങ്ങളിൽ നിന്ന് എത്തിച്ചേരാൻ കഴിയാത്ത വിദ്യാർത്ഥികൾക്കായി ക്ലാസുകൾ ഓൺ ലൈനായും നടത്തുന്നുണ്ട്. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ രാവിലെ ഒൻപതു മണി മുതൽ ഉച്ചയ്ക്ക് രണ്ടു വരെയാണ് ക്ലാസ്. വിദ്യാർത്ഥികൾ ശാരീരിക അകലം പാലിച്ചാണ് ഇരിക്കുന്നത്. വിദ്യാർത്ഥികളുടെ താപനില പരിശോധിച്ച്, സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ ശുചീകരിച്ച ശേഷമാണു ക്ലാസിൽ പ്രവേശിപ്പിച്ചത്. ക്ലാസുകൾക്ക് പുറത്ത് സാനിറ്റൈസർ ക്രമീകരിച്ചിരുന്നു.
ഇലന്തൂർ ബി.എഡ് കോളേജിൽ രാവിലെ 9.30 മുതൽ ഉച്ചകഴിഞ്ഞ് 3.30 വരെയാണ് ക്ലാസ്. ആദ്യ സെമസ്റ്റർ വിദ്യാർത്ഥികൾക്കും അവസാന സെമസ്റ്റർ വിദ്യാർത്ഥികൾക്കുമാണ് ക്ലാസ് ആരംഭിച്ചത്.
ഇലന്തൂർ ഗവ.ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ രാവിലെ 10 മുതൽ വൈകിട്ട് നാലു വരെയാണ് ക്ലാസ്.