duck

തിരുവല്ല: ആലപ്പുഴ, കോട്ടയം ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ അപ്പർകുട്ടനാട്ടിലും താറാവ് കർഷകർ ആശങ്കയിലായി. നിരണം, പെരിങ്ങര, കടപ്ര, നെടുമ്പ്രം പഞ്ചായത്തുകളിലായി ചെറുതും വലുതുമായ ഒട്ടേറെ കർഷകരുടെ ഫാമുകൾ പ്രവർത്തിക്കുന്നുണ്ട്. അതിവേഗത്തിൽ രോഗം വായുവിലൂടെ പടരുന്നതിനാൽ ഭീതിയിലാണ് കർഷകർ. 2014, 16 കാലയളവിലും പക്ഷിപ്പനി പടർന്നു പിടിച്ചിരുന്നു. 2016ൽ അപ്പർകുട്ടനാട്ടിൽ താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങിയിരുന്നു. അന്ന് അഞ്ചുലക്ഷത്തോളം രൂപയുടെ നഷ്ടപരിഹാരം കർഷകർക്ക് നൽകി. പുളിക്കീഴ് ബ്ലോക്കിലെ പഞ്ചായത്തുകളിൽ താറാവിന്റെ മുട്ട, ഇറച്ചി എന്നിവയുടെ ഉൽപ്പാദനം വർദ്ധിപ്പിക്കാനായി കർഷകർക്ക് പ്രത്യേക പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. ഇതേതുടർന്ന് കൂടുതൽപേർ ഈ രംഗത്തേക്ക് കടന്നുവന്നിരുന്നു. 25 മുതൽ 50 വരെ താറാവുകളെ പദ്ധതിയിലൂടെ കർഷകർക്ക് നൽകി. ഇതിനിടെയാണ് ആശങ്കയുയർത്തി പക്ഷിപ്പനി പടർന്നു പിടിക്കുന്നത്. ദേശാടനപക്ഷികളും മറ്റും ഇവിടുത്തെ പാടശേഖരങ്ങളിൽ വരുന്നതും ഭീതി വർദ്ധിപ്പിക്കുന്നു. അപ്പർകുട്ടനാടിന്റെ സമീപ പ്രദേശമായ ആലപ്പുഴയിലെ തലവടിയിലാണ് ഇന്നലെ പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്.

തലവടിയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചത് അപ്പർകുട്ടനാടിനെ ഭീതിയിലാക്കി

പരിശോധന ഭോപ്പാലിൽ

കാർഷിക മേഖലയിൽനിന്നും ശേഖരിക്കുന്ന പക്ഷികളുടെ രക്തസാമ്പിളുകളും വിസർജ്യങ്ങളും മറ്റും തിരുവല്ലയിലുമുള്ള മൃഗസംരക്ഷണ വകുപ്പിന്റെ ലാബുകളിൽ വിശദമായ പരിശോധനയ്ക്കു വിധേയമാക്കും. രോഗം സംബന്ധിച്ച് എന്തെങ്കിലും ചെറിയ സംശയം പോലും ഉണ്ടായാൽ ആ സാമ്പിളുകൾ അതീവ സുരക്ഷയോടെ ഭോപ്പാലിലെ ഹൈടെക് ലാബിലെത്തിച്ച് രോഗം സ്ഥിരീകരിക്കുന്ന രീതിയാണ് വകുപ്പിലുള്ളത്.

ഡക്ക്‌ഫാമിലും ഭീതി

തിരുവല്ല: നിരണം ഡക്ക് ഫാമിന്റെ പ്രവര്‍ത്തനവും പക്ഷിപ്പനി ഭീതിയിലായി. സംസ്ഥാനത്തെ മൃഗസംരക്ഷണ വകുപ്പിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ഏക താറാവ് വളര്‍ത്തല്‍ കേന്ദ്രമാണിത്. സമീപജില്ലകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ ഇവിടെയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി. സ്ഥാപനത്തിലെ ജീവനക്കാര്‍ ഒഴികെയുള്ള ആരെയും ഇപ്പോള്‍ ഫാമിലേക്ക് കടത്തിവിടുന്നില്ല. അണുനശീകരണ ലായനി സ്പ്രേ ചെയ്തു. പരിസരവും മറ്റും ബ്ലീച്ചിംഗ് പൗഡര്‍ ഉപയോഗിച്ച് ശുചീകരിച്ചു. പക്ഷികളുമായി സമ്പര്‍ക്കം ഒഴിവാക്കാനായി താറാവുകളെ ഇപ്പോള്‍ തുറന്നുവിടുന്നില്ല. ഏഴുമാസം വരെ പ്രായമുള്ള നാലായിരത്തോളം താറാവുകൾ ഇവിടെയുണ്ട്. കുട്ടനാട്ടിലെ ചാര, ചെമ്പല്ലി, വിഗോവ ഇനത്തിലുള്ള താറാവുകളാണ് ഇവിടെയുള്ളത്. 1966ല്‍ സ്ഥാപിതമായ ഡക്ക് ഫാമിന്റെ പ്രവര്‍ത്തനം രണ്ടര ഏക്കറിലാണ്. ദിനംപ്രതി നൂറുകണക്കിന് താറാവിൻ കുഞ്ഞുങ്ങളെ അടവെച്ച് വിരിയിക്കുന്ന വകുപ്പിന്റെ ഹാച്ചറിയും മഞ്ഞാടിയിൽ പ്രവർത്തിക്കുന്നുണ്ട്.