കോഴഞ്ചേരി : ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിന് വലിയ പാലത്തോടു ചേർന്നുള്ള പുതിയ പാലം 6 മാസത്തിനുള്ളിൽ തുറന്നുകൊടുക്കാനുള്ള തീവ്ര ശ്രമത്തിലാണ് പൊതുമരാമത്ത് പാലം വിഭാഗം അധിക്യതർ.
നിർമ്മാണ ജോലികൾ ഇപ്പോൾ പാതിഘട്ടം പൂർത്തിയായി. പമ്പാനദിയിൽ നെടുംപ്രയാർ കോഴഞ്ചേരി ചന്തക്കടവ് കരകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലത്തിന്റെ നിർമ്മാണ പ്രവർത്തനം ആരംഭിച്ചത് 2018 ഡിസംബർ 27 നാണ്. 8 തൂണുകളുള്ള പാലത്തിന്റെ നെടുംപ്രയാർ കരയിലെ അവസാനത്തെ തൂണിന്റെ പൈലിങ് ജോലികളാണ് ഇപ്പോൾ നടക്കുന്നത്. 4 പൈലിങ് പൂർത്തിയായി. പി 1, പി 2 സ്പാനുകളിലെ ആർച്ചിന്റെ കോൺക്രീറ്റിംങ്ങും കഴിഞ്ഞു. ലണ്ടനിൽ നിന്ന് എത്തിച്ച മക് ലോയി റോളുകൾ ഉപയോഗിച്ച് ലണ്ടൻ ബ്രിഡ്ജ് മാത്യകയിലാണ് ആർച്ച് ഒരുക്കുന്നത്. നെടും പ്രയാർ ഭാഗത്ത് രണ്ടാമത്തെ സ്പാനിലെ ആർച്ചിന്റെ നിർമ്മാണം കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. ബീമുകളും സ്ളാബും ഗർഡറുകളും താങ്ങിനിറുത്തുന്ന എൻ ട്രസ് ക്രെയിൻ ഉപയോഗിച്ച് കഴിഞ്ഞ ദിവസം ഉറപ്പിച്ചു.
നദിയുടെ ഇരുവശത്തെയും സമാന്തര റോഡുകളുടെ നിർമ്മാണം തുടങ്ങുന്നതിന്റെ ഭാഗമായി റോഡുകളുടെ ലെവൽസ് പരിശോധിക്കുന്ന ജോലികളും പൂർത്തിയായി. കോഴഞ്ചേരി ഭാഗത്ത് വരുന്ന അവസാനത്തെ കോൺക്രീറ്റ് തൂണിന്റെ നിർമ്മാണം ഇന്ന് തുടങ്ങുമെന്ന് പാലം വിഭാഗം തിരുവല്ല ഡെക്ഷൻ എ ഇ രൂപക് ജോൺ പറഞ്ഞു.
19.69 കോടി രൂപയാണ് നിർമ്മാണച്ചെലവ്. പട്ടാമ്പി പി.ജി. കൺസ്ട്രക്ഷൻസിനാണ് പാലം നിർമ്മാണ ചുമതല.