sports
ജില്ലാ സ്റ്റേഡിയം അന്തരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ തീരുമാനിച്ച പത്തനംതിട്ട നഗരസഭാ ഭരണ സമിതിക്ക് അഭിനന്ദമർപ്പിച്ച് ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ. അനിൽകുമാർ നഗരസഭാ ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈന് ബാസ്‌കറ്റ് ബാൾ കൈമാറുന്നു.

പത്തനംതിട്ട: ജില്ലാ സ്റ്റേഡിയം കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി ആധുനിക രീതിയിൽ നിർമ്മിക്കുന്നതിനുള്ള ധാരണപത്രം നഗരസഭ അംഗീകരിച്ചു. ഇടതു ഭരണസമിതി അധികാരമേറ്റ ശേഷം ഇന്നലെ ചേർന്ന ആദ്യ കൗൺസിൽ യോഗത്തിൽ ആദ്യ അജണ്ടയായിട്ടാണ് ജില്ലാ സ്റ്റേഡിയവി​ഷയം ചർച്ച ചെയ്തത്.

വി​ഷയത്തി​ൽ എന്തെങ്കി​ലും ഭേദഗതി​ ആവശ്യമുണ്ടോയെന്ന ചെയർമാൻ ടി​. സക്കീർ ഹുസൈന്റെ ചോദ്യത്തി​ന് മറുപടി​ നൽകാതെ കൗൺസിലിലെ 13 യു.ഡി.എഫ് അംഗങ്ങൾ ഇറങ്ങി​ പോകുകയായി​രുന്നു. 16 എൽ.ഡി​.എഫ് അംഗങ്ങൾ ധാരണപത്രത്തെ അനുകൂലി​ച്ചു. 3 എസ്.ഡി.പി.െഎ അംഗങ്ങൾ വോട്ടെടുപ്പിൽ പങ്കെട‌ുക്കാതെ കൗൺസിലിൽ ഇരുന്നു.

2019 ഫെബ്രുവരിയിലാണ് സ്പോർട്സ് കൗൺസിലിന്റെയും വീണാ ജോർജ് എം.എൽ.എയുടെയും ഫണ്ടുപയോഗിച്ച് 50 കോടി ചെലവി​ട്ട് സ്റ്റേഡിയം നവീകരിക്കുന്നതിന് പദ്ധതി​ തയ്യാറാക്കുന്നത്. നഗരസഭയുടെ ഭൂമി​യായതി​നാൽ ധാരണാപത്രം ഒപ്പിടുന്നത് തർക്കത്തി​ന് കാരണമായി​. സ്റ്റേഡിയത്തിനുമേൽ നഗരസഭയുടെ ഉടമസ്ഥവകാശം നഷ്ടപ്പെടുമെന്നതിനാൽ ഇത് അംഗീകരിക്കാൻ കഴിഞ്ഞ യു.ഡി.എഫ് ഭരണസമി​തി​ തയ്യാറായിരുന്നില്ല. ഇത് തുടർച്ചയായുള്ള ഭരണ - പ്രതിപക്ഷ ബഹളങ്ങൾക്ക് കാരണമായി​.

എന്നാൽ എൽ. ഡി. എഫ് സർക്കാർ കൊണ്ടു വന്ന വികസന പദ്ധതി അട്ടിമറിക്കാനാണ് യു.ഡി.എഫ് ശ്രമിക്കുന്നതെന്നും ആരോപണം ഉയർന്നു. കായിക മന്ത്രി ഇ.പി. ജയരാജൻ തിരുവനന്തപുരത്ത് വിളിച്ച് ചേർത്ത യോഗത്തിലും തീരുമാനമുണ്ടായി​ല്ല.

അജണ്ട കീറിയെറിഞ്ഞ് യു.ഡി.എഫ് പ്രതിഷേധം

പത്തനംതിട്ട: സ്റ്റേഡിയം നിർമ്മാണം കിഫ്ബിക്ക് നൽകുന്നതിനായി ചേർന്ന കൗൺസിൽ യോഗത്തിൽ യു.ഡി.എഫ് നിരത്തിയ ആവശ്യങ്ങൾ പരിഗണിക്കാതെ അജണ്ട പാസാക്കിയതായി ചെയർമാൻ പറഞ്ഞതിനെ തുടർന്ന് യു.ഡി.എഫ് അംഗങ്ങളുടെ പ്രതിഷേധം. മുൻ നഗരസഭാ ചെയർമാൻ കൂടിയായ അഡ്വ.എ.സുരേഷ് കുമാർ കൗൺസിൽ അജണ്ട ഹാളിൽ വച്ച് വലിച്ച് കീറിയെറിഞ്ഞാണ് പ്രതിഷേധം പ്രകടിപ്പിച്ചത്. തുടർന്ന് യു.ഡി. എഫ്. അംഗങ്ങൾ ചെയർമാന്റെ ചേംബറിന്റെ മുന്നിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു.

സ്റ്റേഡി​യത്തി​നുമേൽ നഗരസഭയുടെ പരമാധികാരം നഷ്ടപ്പെടുന്ന തരത്തിലുള്ള കരാറി​ൽ ഒപ്പിടുവാൻ തീരുമാനമെടുത്ത എൽ.ഡി.എഫ് ഭരണസമിതി ജനങ്ങളെ വഞ്ചി​ച്ചെന്ന് യു.ഡി.എഫ് പാർലമെൻ്ററി പാർട്ടി ലീഡർ കെ.ജാസിംകുട്ടി പറഞ്ഞു. കൗൺസിൽ ബഹിഷ്കരിച്ച് യു.ഡി.എഫ് അംഗങ്ങൾ ടൗണിലേക്ക് പ്രകടനം നടത്തി. കൗൺ സിലർമാരായ എ. സുരേഷ് കുമാർ, എം.സി ഷെറീഫ്, റോഷൻ നായർ, റോസ്ലിൻ സന്തോഷ്, സിന്ധു അനിൽ , സി.കെ.അർജുനൻ, ആനി സജി, അംബിക വേണു , അഖിൽ അഴൂർ, മേഴ്സി വർഗീസ്, ആൻസി തോമസ്, ഷിന രാജേഷ് എന്നിവർ നേതൃത്വം നൽകി.

ധാരാണപത്രം അംഗീകരിക്കുന്നത് സംബന്ധിച്ച അജണ്ട നിയമപരമാണോയെന്ന് പരിശോധിക്കണം. മുൻ കൗൺസിൽ എടുത്ത തീരുമാനം മാറ്റുന്നത് നിയമപരമായി ചോദ്യം ചെയ്യും.

എ. സുരേഷ്‌കുമാർ

യു.ഡി.എഫ് കൗൺ​സി​ലർ