പത്തനംതിട്ട: പെരുമ്പെട്ടിയിലെ 512 കൈവശ കർഷകർക്കു പട്ടയം അനുവദിക്കണമെന്നാവശ്യപ്പെട്ട് നടന്നുവരുന്ന 965 ദിവസം പിന്നിട്ട സമരത്തിന്റെ ഭാഗമായി ഇന്ന് റാന്നി വനം ഡിവിഷൻ ഓഫീസിലേക്ക് മാർച്ചു നടത്തും. രാവിലെ 10ന് റാന്നി വലിയ പാലം ജംഗ്ഷനിൽ നിന്നാരംഭിക്കുന്ന മാർച്ച് ഡോ.ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും.
പെരുമ്പെട്ടി വില്ലേജിലെ 257,35 ഏക്കർ ഭൂമിക്കു പട്ടയം തേടി പ്രദേശത്തു താമസിക്കുന്ന കുടുംബങ്ങളിൽ നിന്നുള്ളവരാണ് സമരരംഗത്തുള്ളത്. 512 കർഷക കുടുംബങ്ങൾക്ക് വനംവകുപ്പ് അന്യായമായ തടസവാദങ്ങൾ ഉയർത്തി പട്ടയം നിഷേധിക്കുന്നുവെന്നാണ് ആക്ഷേപം.
കർഷകരുടെ കൈവശഭൂമിയുമായി വനംവകുപ്പിന് ബന്ധവുമില്ലെന്നിരിക്കേ അനാവശ്യ ഇടപെടൽ നടത്തി ചില ഉദ്യോഗസ്ഥരുടെ താത്പര്യ സംരക്ഷണത്തിന് സർക്കാർ കൂട്ടുനിൽക്കുകയാണെന്ന് പൊന്തൻപുഴ സമരസമിതി നേതാക്കളായ സന്തോഷ് പെരുമ്പെട്ടി, ജയിംസ് കണ്ണിമല, ജോർജുകുട്ടി മണിയംകുളം എന്നിവർ പത്രസമ്മേളനത്തിൽ ആരോപിച്ചു.