കലഞ്ഞൂർ: അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ മറവിൽ കലഞ്ഞൂർ പഞ്ചായത്തിലെ പാറകൾ കടത്താനുള്ള നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് കലഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ കോൺഗ്രസ് അംഗങ്ങൾ പഞ്ചായത്തു പ്രസിഡന്റിന് കത്തുനൽകി. പാറമട അനുവദിക്കുന്നതിനെതിരെ അടിയന്തരമായി പഞ്ചായത്തു കമ്മറ്റി വിളിച്ചു കൂട്ടി പ്രമേയം പാസാക്കണമെന്നും
സ്‌പെഷ്യൽ ഗ്രാമസഭ വിളിച്ചു കൂട്ടണമെന്നും ആവശ്യപ്പെട്ടു.
കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് എസ്. പി. സജന്റെ നേതൃത്വത്തിലാണ് കത്തു നൽകിയത്. കഴിഞ്ഞ ദിവസം നടന്ന പരിസ്ഥിതി യോഗത്തിൽ നിന്ന് സി.പി.എം നേതൃത്വവും ജനപ്രതിനിധികളും മാറിനിന്നത് നിർഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു.ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എസ് പി സജൻ , ആശാ സജി , മേഴ്‌സി ജോബി , റോയി മുളകുപാടം , ബിന്ദു റജി ,പ്രസന്നകുമാരി എന്നിവരാണ് കത്തിൽ ഒപ്പിട്ടത്