covid
കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന പ്രത്യേക കൊവിഡ് സെൽ വോളന്റിയേഴ്‌സ് ടീം അംഗങ്ങളെ ജില്ലാ കളക്ടർ പി.ബി നൂഹിന്റെ നേതൃത്വത്തിൽ ആദരിച്ചപ്പോൾ.

പത്തനംതിട്ട: കളക്ടറേറ്റിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലാ കളക്ടർ പി.ബി നൂഹിന്റെ നേതൃത്വത്തിൽ ആരംഭിച്ച പ്രത്യേക കൊവിഡ് സെൽ വാളണ്ടിയർ ടീം പ്രവർത്തനം തുടങ്ങിയിട്ട് 300 ദിവസം. ജില്ല കളക്ടറുടെ ചേമ്പറിൽ നടന്ന അനുമോദന ചടങ്ങിൽ വോളണ്ടിയർമാർക്ക് ജില്ലാ കളക്ടർ സർട്ടിഫിക്കറ്റും മൊമന്റോയും സമ്മാനിച്ചു.
ജില്ലയിൽ അഞ്ചുപേർക്ക് ഒരുമിച്ച് കൊവിഡ് സ്ഥിരീകരിച്ച കഴിഞ്ഞ മാർച്ച് മാസത്തിലാണ് കളക്ടറേറ്റിൽ കൊവിഡ് സെൽ പ്രവർത്തനം ആരംഭിച്ചത്. കഴിഞ്ഞ മാർച്ച് 10ന് പ്രാഥമിക ഘട്ടത്തിൽ 150 ഓളം വോളണ്ടിയർമാരുമായി വകുപ്പുകൾ തിരിഞ്ഞ് പ്രവർത്തിച്ച ടീം കൊവിഡ് രോഗികളുടെ സഞ്ചാരപാത, ക്വാറന്റൈൻ സർവെയ്‌ലൻസ്, ടെക്‌നിക്കൽ വർക്ക്, ഡാറ്റാ ഹാൻഡ്‌ലിംഗ്, അന്യസംസ്ഥാന തൊഴിലാളി സ്‌ക്രീനിംഗ്, കോൾ സെന്റർ, കൊവിഡ് കെയർ സെന്റർ മാനേജിംഗ്, ഡോക്യൂമെന്റേഷൻ, റിപ്പോർട്ട് ആൻഡ് റിസർച്ച് എന്നീ പ്രവർത്തങ്ങളുടെ ഭാഗമായി. റിവേഴ്‌സ് ക്വാറന്റൈൻ ഉറപ്പുവരുത്തുന്നതിനായി ആരംഭിച്ച വയോരക്ഷ പദ്ധതിയിലും വാളണ്ടിയർമാർ പ്രവർത്തിച്ചുവരുന്നു.

കൊവിഡ് ഇതര പ്രവർത്തനങ്ങളായ ഫ്‌ളഡ് സ്റ്റഡി, കളക്ടറേറ്റ് വളപ്പിലെ പക്ഷികളുടെ ഫോട്ടോ ഗ്യാലറിയായ കൂടൊരുക്കാം, അങ്കണവാടി പുനരുദ്ധാരണ പരിപാടി തുടങ്ങിയവയിലും കൊവിഡ് സെൽ ടീമിന്റെ പ്രവർത്തനം ശ്രദ്ധേയമാണ്. 2018ലെ മഹാപ്രളയത്തിനുശേഷം ജില്ലാ കളക്ടർ പി.ബി നൂഹിന്റെ നേതൃത്വത്തിൽ ആരംഭിച്ച വോളണ്ടിയർ ടീമിന്റെ മേൽനോട്ടത്തിൽ ജില്ലയിലെ വിവിധ വോളന്റിയർ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു വരുന്നു.

വോളണ്ടിയർമാരായ വിജീഷ് വിജയൻ, മേഘ സുനിൽ, സിയാദ് എ. കരീം, ഗൗതം കൃഷ്ണ, അരുൺ അനിൽ, അരവിന്ദ് എസ് മുടവനാൽ, പീയുഷ് ജ്യോതി, നിരഞ്ജൻ രമേശ്, അലീന കെ. ബിനു, ആരോൺ കുര്യൻ കോശി, വിനീത് എന്നിവർക്കാണ് സർട്ടിഫിക്കറ്റും മൊമന്റോയും ജില്ലാകളക്ടർ കൈമാറിയത്. വോളണ്ടിയർ നോഡൽ ഓഫീസർ സീനിയർ സൂപ്രണ്ട് അന്നമ്മ കെ. ജോളി, ഡെപ്യൂട്ടി തഹസിൽദാർ അജിൻ ഐയ്പ് ജോർജ്, ഡി.ടി.പി.സി സെക്രട്ടറി ആർ. ശ്രീരാജ് എന്നിവർ പങ്കെടുത്തു.