05-pipe-pottal
കുഴിക്കാലാ റോഡിൽ ജലവിതരണ ലൈൻ തകർന്നു വെള്ളം പാഴാകുന്നു

ആറന്മുള: കുഴിക്കാലാ റോഡിൽ പൈപ്പു ലൈൻ തകർന്നു വെള്ളം പാഴാകാൻ തുടങ്ങിയിട്ടു മാസങ്ങളായിട്ടും നന്നാക്കാൻ നടപടിയില്ല. കരിന്താളൂർ ഭാഗത്ത് പൈപ്പ് തകർന്നു കിടക്കാൻ തുടങ്ങിയിട്ട് കഴിഞ്ഞ ആറു മാസത്തിലധികമായി. ഇലന്തൂർ മല്ലപ്പുഴശേരി ജലവിതരണ പദ്ധതിയിലെ പൈപ്പ് ലൈനാണ് പൊട്ടിക്കിടക്കുന്നത്. പാഴാകുന്ന വെള്ളം റോഡിലെ കുഴിയിൽ കെട്ടിക്കിടക്കുന്നതു കാരണം ഇരുചക്ര വാഹനങ്ങൾ ഇതിൽപ്പെടുന്നതും പതിവാണ്. കുഴിയിൽ വീഴാതെ മറുഭാഗത്തേക്ക് വെട്ടിത്തിരിക്കുന്നതും അപകട ഭീഷണിയാകുന്നു. റോഡിനു സമീപം ഇവിടെ ട്രാൻസ്‌ഫോമറും കുളവും ഉണ്ട്. രാത്രിയാത്രക്കാരും ഭീതിയോടെയാണ് ഇതുവഴി സഞ്ചരിക്കുന്നത്. ജല അതോറിറ്റി ഓഫീസിൽ നാട്ടുകാർ അനവധി തവണ പരാതി നൽകിയിട്ടും ആരും തിരിഞ്ഞു നോക്കുന്നില്ലെന്നാണ് ആക്ഷേപം. പൈപ് തകർച്ച അടിയന്തരമായി പരിഹരിച്ചില്ലെങ്കിൽ സമരത്തിനിറങ്ങാനാണ് നാട്ടുകാരുടെ തീരുമാനം.