അടൂർ: രണ്ട് വർഷത്തിലേറെയായി നിലനിന്ന അനിശ്ചിതത്വങ്ങൾക്കൊടുവിൽ അടൂർ നഗരഹൃദയത്തിലെ ഇരട്ടപ്പാലങ്ങളിലൊന്നിന്റെ ബീമുകളുടെ കോൺക്രീറ്റ് നടത്തി. നിലവിലുള്ള പാലത്തിന്റെ തെക്കുഭാഗത്തെ മൂന്ന് ബീമുകളാണ് ഇന്നലെ കോൺക്രീറ്റ് ചെയ്തത്. രണ്ടാഴ്ചയ്ക്കുള്ളിൽ മുകളിലത്തെ സ്ളാബിന്റെ കോൺക്രീറ്റുകൂടി നടത്തുകയാണ് ലക്ഷ്യം. 2019 നവംബർ 30 ന് നിർമ്മാണോദ്ഘാടനം നടത്തിയ പാലങ്ങളുടെ നിർമ്മാണം ഒരു വർഷംകൊണ്ട് പൂർത്തിയാക്കുമെന്നായിരുന്നു കരാർ. എന്നാൽ കാലാവസ്ഥ വ്യതിയാനങ്ങളും കൊവിഡ് കാലത്ത് ബംഗാളികൾ ഉൾപ്പെടെയുള്ള അന്യസംസ്ഥാന തൊഴിലാളികളുടെ മടക്കവും കാരണം നിർമ്മാണത്തിന് ഒച്ചിഴയുംവേഗമായിരുന്നു. ചിറ്റയം ഗോപകുമാർ എം.എൽ. എ മന്ത്രി ജി. സുധാകരനേയും കിഫ്ബി ബോർഡിനേയും സമീപിച്ചാണ് പാലങ്ങളിൽ ഒന്ന് അക്കരെയിക്കരെ കടക്കാൻ വഴിയൊരുക്കിയത്. പാലങ്ങൾ യാഥാർത്ഥ്യമായാൽ നഗരഹൃദയത്തിലെ ഗതാഗതത്തിരക്ക് പരിഹാരമാകുന്നതിനൊപ്പം പുതിയ മുഖഛായ കൈവരും.
ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവൺമെന്റ് കിഫ്ബി പദ്ധതിയിലൂടെ ഇരട്ടപ്പാലനിർമ്മാണത്തിന് 10 കോടി രൂപ അനുവദിച്ചിരുന്നു. സ്ലാബ് കോൺക്രീറ്റിംഗിന്റെ ഉദ്ഘാടനം ചിറ്റയം ഗോപകുമാർ എം. എൽ. എ നിർവഹിച്ചു. നഗരസഭ ചെയർമാൻ ഡി സജി അദ്ധ്യക്ഷതവഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ ദിവ്യ റെജി മുഹമ്മദ്, കൗൺസിലർമാരായ റോണി പാണംതുണ്ടിൽ, വരിക്കോലിൽ രമേശ്, അഡ്വ. എസ്. ഷാജഹാൻ, സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം പി ബി ഹർഷകുമാർ, ബ്ലോക്ക് പഞ്ചായത്തംഗം റോഷൻ ജേക്കബ്, ഏഴംകുളം നൗഷാദ്, എസ് മനോജ്, പി രവീന്ദ്രൻ, എസ് അഖിൽ, പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷീന രാജൻ അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനിയർ ബിനു, അസിസ്റ്റന്റ് എൻജിനീയർ മുരുകേഷ് കുമാർ എന്നിവർ പങ്കെടുത്തു. തൊട്ടടുത്തുള്ള പാലത്തിന്റെ നിർമ്മാണവും പൂർത്തീകരിച്ച് ഫെബ്രുവരി ആദ്യവാരത്തോടെ പൊതുജനങ്ങൾക്കായി സമർപ്പിക്കുമെന്ന് ചിറ്റയം ഗോപകുമാർ എം എൽ എ പറഞ്ഞു.