ഇളമണ്ണൂർ: വരൾച്ചയെ പ്രതിരോധിക്കുന്നതിനുള്ള മുന്നൊരുക്കമായി കല്ലട ജലസേചന പദ്ധതിയുടെ കനാലുകൾ വൃത്തിയാക്കുന്നതിന് ജലവിഭവ വകുപ്പ് ഫണ്ടുകൾ അനുവദിച്ചു. കനാലുകളിൽ കെട്ടിക്കിടക്കുന്ന ചെളിയും മണലും കല്ലുകളും വാരിമാറ്റി ജലം സുഗമമായി ഒഴുകാൻ സൗകര്യമൊരുക്കുന്നതിനാണ് ഓരോ ഡിസ്ട്രിബ്യൂട്ടറിലും കേന്ദ്രീകരിച്ച് പണി നടത്തുന്നത്. കൊല്ലം, പത്തനംതിട്ട , ആലപ്പുഴ, ജില്ലകളിൽ വരൾച്ചയെ പ്രതിരോധിക്കുന്നത് കല്ലട ജലസേചന പദ്ധതിയുടെ കനാലുകളിലൂടെയുള്ള ജലവിതരണത്താലാണ്. ഇതിൽ പല സ്ഥലത്തും വലിയ രീതിയിൽ ചെളി അടിഞ്ഞുകൂടി ജലവിതരണം തടസ്സപ്പെടുന്ന അവസ്ഥയിലാണ്. മിക്ക പണികളും വളരെ കുറഞ്ഞ കാലയളവിനുള്ളിൽ തീർക്കുന്നതിനാണ് നിർദ്ദേശം. കല്ലട ജലസേചന പദ്ധതിയുടെ തെന്മല മെയിൻ കനാലിൽ നിന്ന് വരൾച്ചക്കാലത്ത് ജല വിതരണം നടത്തുന്നതിനുള്ള മുന്നൊരുക്കമായാണ് ഇപ്പോൾ അടിയന്തരമായി പണികൾ നിശ്ചയിച്ചിട്ടുള്ളത്.
അനുവദിച്ച തുക -
നരിയാപുരം മൈനർ ഡിസ്ട്രിബ്യൂട്ടറി-3.54 ലക്ഷം, കൊടുമൺ ഡിസ്ട്രിബ്യൂട്ടറിയിൽ പാറകളും മണ്ണും മാറ്റുന്ന അടിയന്തര പണികളും അറ്റകുറ്റപണികളും - 4.43 ലക്ഷം, കടയ്ക്കാട് ഡിസ്ട്രിബ്യൂട്ടറി - 2.17 ലക്ഷം, ചെറുകുന്നം ഡിസ്ട്രിബ്യൂട്ടറി - 2.22 ലക്ഷം , ഏനാത്ത് ഡിസ്ട്രിബ്യൂട്ടറി - 6.55 ലക്ഷം, എടക്കാട് ഡിസ്ട്രിബ്യൂട്ടറി - 2.16 ലക്ഷം , കീരുകുഴി മൈനർ ഡിസ്ട്രിബ്യൂട്ടറി - 1.33 ലക്ഷം