തിരുവല്ല: പുളിക്കീഴ് പാലത്തിൽ നിന്ന് മണിമലയാറ്റിലേക്ക് ചാടിയ തൃക്കൊടിത്താനം കോട്ടമുറി മുരുകഭവനിൽ കെ. വിജയകുമാർ (58) മരിച്ചു. ഇന്നലെ രാവിലെ 9.45 ന് പാലത്തിൽ നിന്ന് ഇയാൾ നദിയിലേക്ക് ചാടുന്നത് കണ്ട ബൈക്ക് യാത്രികൻ പുളിക്കീഴ് പോലീസിൽ വിവരമറിയിച്ചു. സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങൾ വിജയകുമാറിനെ കരയ്ക്ക് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. ഏറെക്കാലമായി വിദേശത്തായിരുന്ന വിജയകുമാർ അഞ്ച് വർഷം മുമ്പാണ് നാട്ടിൽ മടങ്ങിയെത്തിയത്. സമ്പാദ്യമായ നാലുലക്ഷം രൂപ പോപ്പുലർ ഫിനാൻസിൽ നിക്ഷേപിച്ചിരുന്നു. ഈ പണവും പലിശയും ലഭിക്കാത്തതിനാൽ മാനസിക വിഷമത്തിലായിരുന്നെന്നും പോപ്പുലർ ഫിനാൻസിനെതിരെ തൃക്കൊടിത്താനം പൊലീസിൽ നാലുമാസം മുമ്പ് പരാതി നൽകിയിരുന്നതായും ബന്ധുക്കൾ പറഞ്ഞു.സംസ്കാരം പിന്നീട്. ഭാര്യ: ജലജ. മകൾ: വിദ്യ. മരുമകൻ: രാജീവ്.