തിരുവല്ല: ഇടിമിന്നലിനെ തുടർന്നുണ്ടായ ഷോർട്ട് സർക്യൂട്ട് മൂലം വീടിന് തീപിടിച്ചതിനെ തുടർന്ന് ഗൃഹോപകരണങ്ങൾ പൂർണമായും കത്തിനശിച്ചു. കടപ്ര പഞ്ചായത്ത് പത്താം വാർഡിൽ പന്നായിക്കടവിന് സമീപം മണക്കാട് വീട്ടിൽ ഉഷാ തമ്പിയുടെ വീടിനാണ് തീപിടിച്ചത്. ഇന്നലെ പുലർച്ചെ രണ്ടരയോടെ ആയിരുന്നു സംഭവം. തീപിടുത്തത്തിൽ ടി.വി, ഫാൻ, സോഫ തുടങ്ങിയ ഗൃഹോപകരണങ്ങൾ പൂർണമായും കത്തിനശിച്ചു. രണ്ട് മുറികളിലെ ജനാലകളുടെ പാളികളും ചില്ലുകളും പൊട്ടിവീണു. കർട്ടനുകളും കത്തിനശിച്ചു. വീടിന്റെ ഭിത്തികൾക്കും കേടുപാട് സംഭവിച്ചു.വീടിന്റെ വയറിംഗ് പൂർണമായും തീകത്തി. ആളിപ്പടർന്ന തീ പ്രദേശവാസികൾ ചേർന്ന് അണയ്ക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് ആറരയോടെ ഉണ്ടായ ഇടിമിന്നലിൽ വീടിന്റെ ഹാളിലെ ട്യൂബ് ലൈറ്റിൽ തീപ്പൊരി കണ്ടിരുന്നതായും തുടർന്ന് ട്യൂബ് പ്രവർത്തന രഹിതമാവുകയും ചെയ്തതായി ഉഷ പറഞ്ഞു. പിന്നീട് പുലർച്ചെ വീടിനുള്ളിൽ തീ ആളിപ്പടരുകയായിരുന്നു. ഉഷയും മകൾ ഹർഷയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഇരുവരുടെയും നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികൾ ചേർന്ന് തീയണയ്ക്കുകയായിരുന്നു. കടപ്ര പഞ്ചായത്ത് പ്രസിഡന്റ് നിഷ അശോകൻ,പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ.വിജി നൈനാൻ, പഞ്ചായത്തംഗം എസ്. പാർവതി എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു.പുളിക്കീഴ് പൊലീസും സ്ഥലത്തെത്തി.