പത്തനംതിട്ട: ജില്ലാ സ്റ്റേഡിയം നവീകരണ വിഷയത്തിൽ എസ്.ഡി.പി.ഐ നഗരസഭാ ഭരണസമിതിക്ക് പിന്തുണ നൽകും. പാർട്ടിക്ക് മൂന്ന് കൗൺസിലർമാരാണുള്ളത്. സ്റ്റേഡിയം നിർമ്മാണ കരാർ ഒപ്പിടുന്നതുമായി ബന്ധപ്പെട്ട് എസ്.ഡി.പി.ഐ നിഷ്പക്ഷ നിലപാട് സ്വീകരിച്ചുവെന്ന പ്രചരണം ശരിയല്ലെന്ന് ആറൻമുള മണ്ഡലം പ്രസിഡന്റ് മുഹമ്മദ് പി.സലിം പറഞ്ഞു. നഗരത്തിന്റെ വികസനത്തിന് ഭരണസമിതിക്ക് പാർട്ടി പിന്തുണ നൽകും. സ്റ്റേഡിയം നിർമ്മാണത്തിലെ കരാറിലെ ചില വ്യവസ്ഥകളിൽ ആശങ്കയുണ്ടായിരുന്നു. സ്റ്റേഡിയത്തിൻമേൽ നഗരസഭയ്ക്ക് പൂർണമായും അവകാശം നഷ്ടപ്പെടും എന്ന സംശയവുമുണ്ടായി. നഗരസഭ ചെയർമാനുമായുള്ള ചർച്ചയിൽ ഇതിൻമേൽ ഉറപ്പ് ലഭിച്ചതിനാലാണ് എസ്ഡി.പി.ഐ കൗൺസിലർമാർ കരാറിനെ എതിർക്കാതിരുന്നത്. വർഷങ്ങളായി അവഗണിക്കപ്പെട്ടിരുന്ന ജില്ലാ കേന്ദ്രത്തിന്റെ വികസനത്തിനായി ഭരണസമിതിയോടൊപ്പം നിൽക്കുമെന്ന് മുഹമ്മദ് പി. സലിം പറഞ്ഞു.