06-thannnithode-palam
മുണ്ടോമൂഴീ പാലം

തണ്ണിത്തോട്: കാട്ടുപാതയിലൊതുങ്ങിയ തണ്ണിത്തോടിനെ ജീവിതത്തിന്റെ മറുകര കടത്തിയത് മുണ്ടോമൂഴിയിൽ നിർമ്മിച്ച പാലമാണ്. കുടിയേറ്റ കർഷകരുടെ യാത്രാദുരിതത്തിന് പരിഹാരമായി പാലം പണിയുകയായിരുന്നു.

1978 ജൂൺ 8ന് കെ.പങ്കജാക്ഷൻ പൊതുമരാമത്ത് വകുപ്പു മന്ത്രിയും പി.ജെ.തോമസ് കോന്നി എം.എൽ.എയുമായിരിക്കുമ്പോഴാണ് മുണ്ടോമൂഴിയിൽ കല്ലാറിന് കുറുകെ പാലം ഉയരുന്നത്. മലയോരവാസികൾക്ക് ആശുപത്രി യാത്രപോലും സാധ്യമാകാതിരുന്ന കാലമായിരുന്നു അത്.

അക്കാലത്ത് പത്തനംതിട്ടയിലെ ആശുപത്രികളിലേക്ക് രോഗികളെ കിലോമീറ്ററുകൾ മഞ്ചലിൽ ചുമന്ന് കടവുപുഴ വനം, ചെങ്ങറത്തോട്ടം വഴി മലയാലപ്പുഴയിലെത്തിച്ചായിരുന്നു വാഹനങ്ങളിൽ കയറ്റിയിരുന്നത്. പനി ബാധിച്ചവരെ ചുമന്നുകൊണ്ട് പോകുന്ന വഴിയിൽ അടുകഴിയിലെ വനത്തിൽ മഞ്ചൽ ഇറക്കി വച്ചിരുന്ന പാറ ' പനിക്കല്ല് ' എന്ന പേരിൽ ഇന്നും ഈ വനമേഖലയിലുണ്ട്. പാമ്പ് കടിയേൽക്കുന്നവർ ദുർഘടമായ കാട്ടുപാത താണ്ടി ആശുപത്രിയിലെത്തുമ്പോഴേക്കും മരിക്കുന്നതും പതിവായിരുന്നു. കല്ലാറ്റിൽ ജലനിരപ്പുയർന്നാൽ മുണ്ടോമൂഴിയിലൂടെ മറുകര കടക്കാൻ കഴിയില്ല. വർഷകാലത്ത് ഒറ്റപ്പെട്ടു പോകുന്ന അവസ്ഥയായിരുന്നു പല സ്ഥലങ്ങളിലും.

വിദ്യാർത്ഥികളുടെ പഠനവും മുടങ്ങുമായിരുന്നു. പാലം വന്നത്തോടെ തണ്ണിത്തോടിന്റ ദുർഗതി മാറാൻ തുടങ്ങി ഗതാഗത പരിമിതികൾക്ക് പരിഹാരമായി. പിൽക്കാലത്ത് റോഡുകൾ ഉന്നത നിലവാരത്തിൽ വികസിപ്പിച്ചു. അച്ചൻകോവിൽ - ചിറ്റാർ റോഡ് തണ്ണിത്തോട്ടിലൂടെ വന്നു. അടവിയിൽ സംസ്ഥാനത്തെ ആദ്യ കുട്ടവഞ്ചി സവാരി കേന്ദ്രം തുറന്നതോടെ ടൂറിസം ഭൂപടത്തിലും തണ്ണിത്തോട് ഇടംതേടി.