school

പത്തനംതിട്ട: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ടെക്‌നിക്കൽ ഹൈസ്‌കൂളുകൾ ജില്ലയിലും വേണമെന്ന ആവശ്യം ശക്തമാകുന്നു. സംസ്ഥാനത്തെ മറ്റ് എല്ലാ ജില്ലകളിലും ഒന്നിലധികം ടെക്‌നിക്കൽ ഹൈസ്‌കൂളുകൾ ഉണ്ടായിട്ടും ജില്ലയിൽ മാത്രമാണ് ഒന്നുപോലും അനുവദിക്കാത്തത്. സംസ്ഥാനത്ത് മുഴുവൻ 39 ടെക്‌നിക്കൽ ഹൈസ്‌കൂളുകളാണ് ഉള്ളത്. നേരത്തെ അടൂർ മണക്കാലയിൽ ഉണ്ടായിരുന്നെങ്കിലും പൊളിടെക്‌നിക്കായി ഉയർത്തിയതോടെ സ്‌കൂൾ ഇല്ലാതെയായി. ജില്ലയിൽ നിന്നുള്ള വിദ്യാർത്ഥികൾ മറ്റ് ജില്ലകളിലെ സ്‌കൂളുകളെ ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്. കൃഷ്ണപുരം, എഴുകോൺ, പാല എന്നിവിടങ്ങളിലെ സ്‌കൂളുകളിലേക്കാണ് ജില്ലയിൽ നിന്നുള്ള കുട്ടികൾ അഡ്മിഷൻ തേടുന്നത്. ഇവിടങ്ങളിൽ ഹോസ്റ്റൽ സൗകര്യവും ലഭ്യമല്ല. ഇതോടെ പുറത്ത് താമസസൗകര്യം കണ്ടെത്തേണ്ടി വരുന്നത് വൻ സാമ്പത്തിക ബാധ്യതയ്ക്ക് ഇടയൊരുക്കുന്നു.

എട്ടാം ക്ലാസ് മുതലാണ് ഇത്തരം സ്‌കൂളുകൾ പ്രവർത്തിച്ചു വരുന്നത്. എൻജിനിയറിംഗിന്റെ അടിസ്ഥാന പഠനം തുടങ്ങുന്നതിന് സഹായമായ പാഠഭാഗങ്ങൾ ഉൾപ്പെട്ടതാണ് ടെക്‌നിക്കൽ സ്‌കൂൾ സിലബസ്. ഒൻപതാം ക്ലാസ് മുതൽ വിദ്യാർത്ഥികളുടെ അഭിരുചിയ്ക്ക് അനുസരിച്ചുള്ള മേഖലകളിലേക്ക് ശ്രദ്ധ നൽകിയുള്ള വിദ്യാഭ്യാസവും ഉറപ്പു വരുത്തും. എൻജിനിയറിംഗ് തൽപരരായ വിദ്യാർത്ഥികൾക്ക് ഏറെ ഗുണകരമായ വിദ്യാഭ്യാസ സമ്പ്രദായം കൂടിയാണിത്. ടെക്‌നിക്കൽ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് പോളിടെക്‌നിക്കിലേക്ക് പത്ത് ശതമാനം സംവരണം അനുവദിച്ചിട്ടുമുണ്ട്.

പത്താം ക്ളാസിന് തുല്യം

എസ്.എസ്.എൽ.സിക്ക് തത്തുല്യമായ സർട്ടിഫിക്കറ്റ് തന്നെയാണ് ടെക്നിക്കൽ സ്കൂളിൽ നിന്ന് ലഭിക്കുന്നത്. സിലബസിൽ ഹിന്ദി, ബയോളജീ എന്നി വിഷയങ്ങൾക്കു പകരമായി ട്രേഡ് തിയറി, എൻജിനിയറിംഗ് ഡ്രോയിംഗ്, പ്രാക്ടിക്കൽ ക്ലാസുകൾ എന്നിവയാണ് ഉള്ളത്.

ടെക്‌നിക്കൽ സ്‌കൂൾ ജില്ലയിൽ ആരംഭിക്കണമെന്നാവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകിയിട്ടുണ്ട്. സ്ഥലസൗകര്യം ലഭ്യമാക്കുന്ന കാര്യത്തിലാണ് താമസം നേരിടുന്നത്. വൈകാതെ നടപടിയുണ്ടാകും.
വീണാ ജോർജ് എം.എൽ.എ