banana

പത്തനംതിട്ട: പഴം, പച്ചക്കറികൾക്ക് സർക്കാർ പ്രഖ്യാപിച്ച തറവില കർഷകർക്ക് കിട്ടുന്നില്ല. കാർഷികോൽപ്പന്നങ്ങൾക്ക് വിലയിടിഞ്ഞ് ചെലവ് കാശ് പോലും ലഭിക്കാത്ത സ്ഥിതിയാണ്. വിലയിടിവ് കൂടുതൽ ബാധിച്ചത് ഏത്തവാഴ കൃഷിയെയാണ്.

16 ഇനം പഴം, പച്ചക്കറികൾക്ക് നവംബർ ഒന്നു മുതൽ കൃഷിവകുപ്പ് തറവില പ്രഖ്യാപിച്ചിരുന്നു. നാടൻ ഏത്തക്കുലയ്ക്ക് തറവില പ്രഖ്യാപിച്ചെങ്കിലും വിപണിയിൽ 20 രൂപ പോലും ലഭിക്കാത്ത സാഹചര്യമാണ്. നൂറ് കണക്കിന് ഏത്തവാഴ കൃഷി ചെയ്യുന്ന കർഷകർ വലിയ ദുരിതത്തിലായി. ചേമ്പ്, ചേന, മധുരക്കിഴങ്ങ്, ഇഞ്ചി തുടങ്ങിയവയ്ക്ക് ന്യായമായ വിലയില്ല. വഴിയോരങ്ങളിൽ ഉത്പന്നങ്ങളുമായി കർഷകർ കാത്തിരിക്കേണ്ട ഗതികേടിലാണ്. മരച്ചീനി വിപണി സജീവമായിരുന്നെങ്കിലും അതിന്റെ വിലയും ഇടിഞ്ഞു. സംഭരണത്തിന് സഹായകരമായ സംവിധാനങ്ങൾ കർഷകർക്കില്ല. വിപണിയിൽ പുറമേനിന്നുള്ള ഉത്പന്നങ്ങളുമായി ഇടനിലക്കാർ എത്തുകയും നാടൻ വിളകൾക്ക് വില കുറയുകയും ചെയ്യുന്നു.
ഏത്തക്കുലയ്ക്ക് നവംബർ 19 മുതൽ തറവില പ്രാബല്യത്തിൽ വന്നിട്ടുണ്ടെന്നാണ് കൃഷി വകുപ്പ് അധികൃതർ പറയുന്നത്.

വിപണികളിൽ സംഭരിക്കുമോ ?

നിലവിൽ വിപണിയിൽ 30 രൂപയ്ക്ക് താഴെയുള്ള മുഴുവൻ വാഴക്കുലകളും കൃഷിവകുപ്പിന്റെ വിവിധ വിപണികൾ മുഖേന സംഭരിക്കാൻ നടപടികളായിട്ടുണ്ട്. ഇതിനായി സർക്കാരിന്റെ വെബ്‌സൈറ്റിൽ കർഷകർ സ്വന്തം വിളകൾ രജിസ്റ്റർ ചെയ്യണം.ജില്ലയിൽ വെജിറ്റബിൾ ആൻഡ് ഫ്രൂട്സ് പ്രൊമോഷൻ കൗൺസിലിന്റെ 17 സ്വാശ്രയ വിപണികൾ, ഹോർട്ടികോർപിന്റെ പഴകുളം വിപണി, കോട്ടാങ്ങൽ ക്ലസ്റ്റർ വിപണി, കൊടുമൺ ഇക്കോഷോപ്പ് എന്നിവയാണ് നിലവിലുള്ള സംഭരണകേന്ദ്രങ്ങൾ. കിഴങ്ങുവർഗങ്ങൾ വിളവെടുക്കുന്നത് അനുസരിച്ച് ഹോർട്ടികോർപ്പ് അടക്കമുള്ള വിപണികൾ കേന്ദ്രീകരിച്ച് സംഭരിക്കാനാണ് കൃഷിവകുപ്പ് തീരുമാനിച്ചത്.

തറവില പ്രഖ്യാപിച്ചത് 16 ഇനം പഴം, പച്ചക്കറി ഉൽപ്പന്നങ്ങൾക്ക്

'' കാട്ടുപന്നി ശല്യം രൂക്ഷമായ ജില്ലയിൽ ഏറെ വെല്ലുവിളികൾ സഹിച്ചാണ് കർഷകർ വിളവെടുക്കുന്നത്. വിളവുകൾ വിപണിയിലെത്തിച്ചാൽ വില കിട്ടാറില്ല.

ഗീവർഗീസ് തറയിൽ,

കൺവീനർ,

മൈലപ്ര കർഷകകൂട്ടായ്മ