ചെന്നീർക്കര: പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ പരാജയത്തെ തുടർന്ന് ചെന്നീർക്കരയിൽ കോൺഗ്രസിൽ പോര് മുറുകുന്നു. മണ്ഡലം കമ്മിറ്റി പിരിച്ചുവിടണമെന്ന് വിമത പ്രവർത്തക യോഗം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം പ്രക്കാനം വൈ.എം.സി.എ ഹാളിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റിനെതിരെയാണ് ഒരു വിഭാഗം വിമത പ്രവർത്തക യോഗം ചേർന്നത്. ഒരാഴ്ച മുമ്പ് മണ്ഡലം പ്രസിഡന്റ് വിളിച്ചുചേർത്ത യോഗം അലങ്കോലപ്പെട്ടിരുന്നു.തിരഞ്ഞെടുപ്പ് പരാജയ കാരണങ്ങൾ ചർച്ച ചെയ്യണമെന്ന് ഒരു വിഭാഗത്തിന്റെ ആവശ്യം പരിഗണിക്കാതിരുന്നതിനെ തുടർന്ന് യോഗം അല ങ്കോലപ്പെടുകയായിരുന്നു.പരാജയ കാരണം ചർച്ച ചെയ്യാൻ വീണ്ടും യോഗം ചേരണമെന്ന ആവശ്യം നടപ്പാകാത്തതിനെ തുടർന്നാണ് വിമത പ്രവർത്തക യോഗം ചേർന്നത്. പതിനാല് വാർഡുകളിൽ നിന്നുമുളള നൂറോളം പ്രവർത്തകർ യോഗത്തിൽ പങ്കെടുത്തു.ഡി.സി,.സി , ബ്ലോക്ക്, മണ്ഡലം വാർഡ് ഭാരവാഹികളും യൂത്ത് യൂത്ത് കോൺഗ്രസ്‌, കർഷക കോൺഗ്രസ്, നേതാക്കളും ഇതിൽ ഉൾപ്പെടും. നിലവിലെ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പിരിച്ചുവിടണമെന്ന് പ്രമേയം വഴിയാണ് യോഗം കെ.പി.സി.സി നേതൃത്വത്തോട് ആവശ്യപ്പെട്ടത്‌. യോഗത്തിൽ ഡി.സി.സി അംഗം പ്രക്കാനം ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അജി അലക്‌സ്,കലാ അജിത്ത്, ഗ്രാമപഞ്ചായത്ത് അംഗം രാമചന്ദ്രൻ നായർ, രഞ്ചൻ പുത്തൻപുരയ്ക്കൽ,എ.റ്റിജോൺ,അഡ്വജോർജ്ജ് ഏബ്രഹാം പച്ചയിൽ തുടങ്ങിയവർ പ്രസംഗിച്ചു.