കൊടുമൺ- അമോണിയം ഉൾപ്പെടെയുള്ള രാസവസ്തുക്കൾ കലർന്ന മലിനജലമാണ് കൊടുമണ്ണിലെ തോട്ടിലൂടെ ഒഴുകുന്നത്. പരിസ്ഥിതി പ്രശ്നങ്ങൾക്കും രോഗങ്ങൾക്കും കാരണമാകുന്ന ഇൗ അവസ്ഥയെക്കുറിച്ച് അധികൃതർക്കും ജനപ്രതിനിധികൾക്കും അറിയാം. പക്ഷേ എല്ലാവരും മൗനം. പരാതികൾക്ക് ഫലമില്ലാതെ വന്നതോടെ ഇനി എന്തു ചെയ്യണമെന്ന് നാട്ടുകാർക്ക് അറിയില്ല.
പ്ലാന്റേഷൻ കോർപ്പറേഷനിലെ ലാറ്റെക്സ് ഫാക്ടറിയിൽ നിന്നാണ് മലിനജലം ഒഴുക്കിവിടുന്നത്. പ്ലാന്റേഷനിൽ നിന്ന് ആരംഭിച്ച് കുളത്തിനാൽ, കൊടുമൺചിറ, ചാലപ്പറമ്പ്, അങ്ങാടിക്കൽ വഴി ഇടത്തിട്ടഭാഗത്ത് കൊടുമൺ വലിയ തോടുമായി ചേരുന്ന തോട്ടിലേക്കാണ് മലിനജലം ഒഴുക്കിവിടുന്നത്. വേനൽ ശക്തമാകുന്നതോടെ ജലക്ഷാമം രൂക്ഷമാകുന്ന ഇവിടെ തോട്ടിലെ വെള്ളമാണ് നാട്ടുകാർ കുളിക്കാനും തുണി കഴുകാനും മറ്റും ഉപയോഗിക്കുന്നത് വളർത്തുമൃഗങ്ങൾക്ക് ഈ വെള്ളമാണ് കുടിക്കാൻ കൊടുക്കുന്നത്.
രാവിലെ തോട്ടിലെ വെള്ളത്തിന് വെള്ളനിറമാണ് . കഴിഞ്ഞദിവസം തോട്ടിൽ നിന്നെടുത്ത വെള്ളം മീൻകുളത്തിൽ ഒഴിച്ചപ്പോൾ മീൻ ചത്തുപൊങ്ങിയതായി നാട്ടുകാർ പറഞ്ഞു. മലിനജലം ഒഴുകുന്ന സമയത്ത് തോടിന്റെ അടിഭാഗം മുഴുവനും കറുത്ത നിറം വ്യാപിക്കും. വെള്ളത്തിനു നല്ല ദുർഗന്ധവും ഉണ്ട്. തോട്ടിൽ കുളിക്കുന്നവരുടെ ശരീരത്ത് ചൊറിച്ചിലുണ്ടാകും. . പണ്ട് നിറയെ മത്സ്യം ഉണ്ടായിരുന്ന തോട്ടിൽ ഇപ്പോൾ ഇവയെ കാണാനേയില്ല.
പ്രതിഷേധം മൂലം മാറ്റിയ ഫാക്ടറി
വർഷങ്ങൾക്കുമുമ്പ് ചന്ദനപ്പള്ളിൽ -കൂടൽ റോഡിനോട് ചേർന്ന് നെടുമൺകാവിലെ ജനവാസകേന്ദ്രത്തിലായിരുന്നു ഫാക്ടറി പ്രവർത്തിച്ചിരുന്നത്. അന്ന് അമോണിയ കലർന്ന മലിനജലം തൊട്ടടുത്തുള്ള തോട്ടിലേക്ക് ഒഴുക്കിവിടുന്നതിനെതിരെ നാട്ടുകാർ പ്രക്ഷോഭം നടത്തിയിരുന്നു. തുടർന്ന് ആൾതാമസമില്ലാത്ത കോരുവിള ഭാഗത്തേക്ക് ഫാക്ടറി മാറ്രുകയായിരുന്നു.
--------
'' പ്ലാന്റേഷൻ കോർപ്പറേഷന്റെ ഫാക്ടറിയിൽ നിന്ന് രാസവസ്തുക്കൾ അടങ്ങിയ മലിനജലം പുഴയിലേക്ക് ഒഴുകുന്നത് നിമിത്തം അങ്ങാടിക്കൽ വില്ലേജിലുള്ളവർക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നു. അടിയന്തര പരിഹാരം കാണണം.''
കെ. വി. രാജൻ
പ്രസിഡന്റ്, കർഷക കോൺഗ്രസ് അടൂർ നിയോജകമണ്ഡലം കമ്മറ്റി
-------------
'' ലാറ്റെക്സ് ഫാക്ടറിയിൽനിന്ന് മലിനജലം ഒഴുക്കിവിടുന്നെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. അങ്ങനെ ചെയ്യാറില്ല..''
പ്ളാന്റേഷൻ അധികൃതർ