മല്ലപ്പള്ളി: കല്ലൂപ്പാറ- മടുക്കോലി കവലയിൽ ഇന്നലെ ഉച്ചക്ക് നിയന്ത്രണംവിട്ട കാർ വീട്ടുമുറ്റത്തേക്ക് ഇടിച്ചുകയറി. തിരുവല്ലാ ഭാഗത്തുനിന്നും വന്ന മാരുതി സ്വിഫ്റ്റ് കാർ മടുക്കോലി ജംഗ്ഷനിൽ കല്ലൂപ്പാറ റോഡും മറികടന്ന് ജംഗ്ഷനിലെ ഇരുനില കെട്ടിടത്തിന്റെ ഗെയിറ്റ് തകർത്ത് മുറ്റത്ത് കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ ഭാഗികമായി തകർന്നു. പാഞ്ഞുവന്ന കാറിനടിയിൽ പെടാതെ വഴിവക്കിൽ നിന്ന ലോട്ടറി വിൽപ്പനക്കാരനും, വീട്ടുമുറ്റം അടിച്ചുവാരിക്കൊണ്ടിരുന്ന സ്ത്രീയും അത്ഭുതകരമായി രക്ഷപെട്ടു. സാരമായി പരിക്കേറ്റ ഡ്രൈവറെ ഓടിക്കൂടിയ ആളുകൾ പുറത്തെടുത്തു. ഇടിയുടെ സി.സി.ടി.വി. ദൃശ്യങ്ങൾ നിമിഷങ്ങൾക്കുള്ളിൽ നവമാദ്ധ്യമങ്ങളിൽ വൈറലായി.