കലഞ്ഞൂർ- വനം വകുപ്പിന്റെ കലഞ്ഞൂർ ഡിപ്പോ ജംഗ്ഷനിലുള്ള സ്ഥലത്ത് ജില്ലാ നഴ്‌സറിക്ക് അനുമതിയായതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. ജില്ലയിൽ വനവത്കരണത്തിനാവശ്യമായ മുഴുവൻ തൈകളും ഇനി കലഞ്ഞൂരിൽ നിന്നാകും ഉത്പാദിപ്പിക്കുക. വനം വകുപ്പിലെ സാമൂഹ്യ വനവൽക്കരണ വിഭാഗത്തിന്റെ ചുമതലയിലായിരിക്കും നഴ്‌സറി പ്രവർത്തിക്കുക.
12 ഹെക്ടർ സ്ഥലമാണ് ഡിപ്പോ ജംഗ്ഷനിൽ വനംവകുപ്പിനുള്ളത്. ഇതിൽ 2.17 ഹെക്ടർ സ്ഥലത്താണ് ജില്ലാ നഴ്‌സറി സ്ഥാപിക്കുക. ക്യാംപ പദ്ധതിയിൽ ഉൾപ്പെടുത്തി 85 ലക്ഷം രൂപ ഇതിനായി അനുവദിച്ചതായും എം.എൽ.എ പറഞ്ഞു.
പരിസ്ഥിതി ദിനത്തിൽ തന്നെ അഞ്ചു ലക്ഷം തൈകളാണ് ജില്ലയിൽ വിതരണം ചെയ്യുന്നത്. ഇതോടൊപ്പം വനം വകുപ്പ് വക സ്ഥലങ്ങളിൽ പ്ലാന്റിംഗിനാവശ്യമായ തൈകളും ഉത്പാദിപ്പിക്കണം. റോഡ്, ജലം ഉൾപ്പടെയുള്ള സൗകര്യങ്ങളും കൂടി പരിഗണിച്ചാണ് ജില്ലാ നഴ്‌സറി കലഞ്ഞൂരിൽ അനുവദിച്ചത്.
കോന്നി തേക്കിന് സംസ്ഥാനം മുഴുവൻ ആവശ്യക്കാർ ഏറെയുണ്ട്. വർഷം മുഴുവൻ തേക്ക് തൈകളും, സ്റ്റമ്പും ഇവിടെ നിന്നും ജനങ്ങൾക്ക് ലഭിക്കും.
വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഓർക്കിഡ് ഉൾപ്പടെയുള്ള 200 ഇനം സസ്യങ്ങൾ സംരക്ഷിക്കുന്ന പ്ലാന്റ് ലൈബ്രറിയും സ്ഥാപിക്കും. പോളി ഹൗസിനുളളിലാകും ഇത് സ്ഥാപിക്കുന്നത്. നേച്ചർ ക്യാമ്പ് സംഘടിപ്പിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങളും ഇവിടെ ഒരുക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.
ജില്ലാ നഴ്‌സറിക്ക് ഉപയോഗിക്കുന്ന സ്ഥലം കഴിഞ്ഞ് ബാക്കി സ്ഥലത്ത് ഔഷധ സസ്യ ഉദ്യാനം നിർമ്മിച്ച് സഞ്ചാരികളെ അടക്കം ആകർഷിക്കാൻ കഴിയുന്ന പദ്ധതിയും തയാറായി വരുന്നതായും എം.എൽ.എ പറഞ്ഞു.