06-konni-mc
കോന്നി മെഡിക്കൽകോളേജിന്റെ വികസന പ്രവർത്തനങ്ങൾവേഗത്തിലാക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതലയോഗം

പത്തനംതി​ട്ട : കോന്നി മെഡിക്കൽ കോളേജിൽ അടുത്ത മാസം കിടത്തിച്ചികിത്സ ആരംഭിക്കാൻ ആരോഗ്യമന്ത്രി കെ.കെ.ശൈലജയുടെ നേതൃത്വത്തിൽ നടന്ന ഉന്നതതലയോഗം തീരുമാനി​ച്ചു. ആദ്യം 100 കിടക്കകളുള്ള സംവിധാനമാണ് സജ്ജമാക്കുക. ഘട്ടം ഘട്ടമായി 300ഉം തുടർന്ന് 500ഉം കിടക്കകളുള്ള ആശുപത്രിയാക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതാണ്. ഇതോടൊപ്പം കാരുണ്യ ഫാർമസിയും സജ്ജമാക്കും. ആശുപത്രി ബ്ലോക്കിൽ കിടത്തി ച്ചികിത്സ തുടങ്ങുന്നതിനാവശ്യമായ ഉപകരണങ്ങൾ പ്രവർത്തിക്കുന്നതിനാവശ്യമായ വൈദ്യുതി കണക്ഷൻ എത്രയുംവേഗം ലഭ്യമാക്കാൻ നിർദേശം നൽകി. പാറ നീക്കം ചെയ്യാനുള്ള നടപടികൾ വേഗത്തിലാക്കും. ഓപ്പറേഷൻ തീയറ്ററുകൾ മോഡുലാർ ഓപ്പറേഷൻ തീയറ്ററുകളാക്കി മാറ്റുന്നതാണ്. പാർക്കിംഗ്,വേസ്റ്റ് മാനേജ്‌മെന്റ്, സ്റ്റീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് എന്നിവ സജ്ജമാക്കും. ആശുപത്രിക്കാവശ്യമായ ഉപകരണങ്ങളും ഫർണിച്ചറുകളും ലഭ്യമാക്കും.റോഡ് നിർമ്മാണം വേഗത്തിലാക്കുന്നതാണ്. ആശുപത്രി വികസന സമിതി കഴിയുന്നതും നേരത്തെ രൂപീകരിക്കുന്നതിനും മന്ത്രി നിർദേശം നൽകി.
കോന്നി മെഡിക്കൽകോളേജിന്റെ സുഗമമായ പ്രവർത്തനത്തിന് 26 അദ്ധ്യാപക തസ്തികകളും 260 അനധ്യാപക തസ്തികകളും ഉൾപ്പെടെ 286 തസ്തികകളാണ് അടുത്തിടെ സൃഷ്ടിച്ചത്. ആശുപത്രിയുടെ രണ്ടാംഘട്ട നിർമ്മാണത്തിനായി 218കോടി രൂപയും അനുവദിച്ചു.
കെ.യു. ജനീഷ് കുമാർ എം.എൽ.എ., ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ.ഖോബ്രഗഡെ, ജില്ലാ കളക്ടർ പി.ബി. നൂഹ്, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർഡോ. എ. റംലബീവി,ജോ. ഡയറക്ടർ ഡോ.തോമസ് മാത്യു, സ്‌പെഷ്യൽ ഓഫീസർ ഡോ. ഹരികുമാരൻ നായർ, കെ.എം.എസ്.സി.എൽ ജനറൽ മാനേജർ ഡോ. ദിലീപ്,കോന്നി മെഡിക്കൽകോളേജ് പ്രിൻസിപ്പൽ ഡോ. സി.എസ്. വിക്രമൻ, സൂപ്രണ്ട്‌ ഡോ.എസ്. സജിത്ത് കുമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.