covid-vaccine-

പത്തനംതിട്ട: കൊവിഡ് പ്രതിരോധ വാക്സിനെ സ്വീകരിക്കാൻ ജില്ലയിൽ ആരോഗ്യ വകുപ്പിന്റെ തയ്യാറെടുപ്പുകൾ പൂർത്തിയായി.വിവിധ കേന്ദ്രങ്ങളിൽ നാളെ ഡ്രൈ റൺ നടത്തും. വാക്സിൻ കുത്തിവയ്ക്കുന്നതിന് മുൻപുള്ള ഒരുക്കങ്ങളും കുത്തിവച്ചശേഷമുള്ള നിരീക്ഷണവും എങ്ങനെയായിരിക്കുമെന്ന് മോക്ഡ്രിൽ മാതൃകയിലുള്ള പരിപാടിയാണ് ഡ്രൈറൺ. എത്ര സ്ഥലങ്ങളിൽ ഡ്രൈറൺ നടത്തണമെന്ന് ഇന്ന് അന്തിമ തീരുമാനമാകും. ജില്ല, ജനറൽ ആശുപത്രികൾ, താലൂക്ക് ആശുപത്രികൾ, കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ, പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലാണ് കൊവിഡ് വാക്സിൻ നൽകുന്നത്. ജില്ലയിലെ 61 ആശുപത്രികൾ ഇതിനായി തിരഞ്ഞെടുത്തിട്ടുണ്ട്. വാക്സിൻ സ്വീകരിക്കാൻ 14000 ഒാളം ആരോഗ്യ പ്രവർത്തകർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ രണ്ടായിരം പേർ കൂടി രജിസ്റ്റർ ചെയ്യും. സർക്കാർ, സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാർ, നഴ്സുമാർ, ഹെൽത്ത് ഇൻസ്പെക്ടർമാർ, ജീവനക്കാർ, ആശാപ്രവർത്തകർ, കൊവിഡ് പ്രതിരോധ പ്രവർത്തകർ തുടങ്ങിയവർക്കാണ് ആദ്യ ഘട്ടത്തിൽ കൊവിഡ് വാക്സിൻ നൽകുന്നത്.

ഒരാഴ്ചക്കുള്ളിൽ കൊവിഡ് വാക്സിൻ നൽകിത്തുടങ്ങാൻ കഴിയുമെന്നാണ് ആരോഗ്യ വകുപ്പിന്റെ പ്രതീക്ഷ.

ജില്ലാ സംഭരണ കേന്ദ്രം പത്തനംതിട്ട ജനറൽ ആശുപത്രി

ജില്ലയിലെ പ്രധാന കൊവിഡ് വാക്സിൻ സംഭരണ കേന്ദ്രം പത്തനംതിട്ട ജനറൽ ആശുപത്രിയാണ്. ഒരു സമയം ഇരപതിനായിരത്തോളം വാക്സിനുകൾ സൂക്ഷിക്കാൻ കഴിയുന്ന ആറ് വലിയ റഫ്രിജറേറ്റർ തയ്യാറായിട്ടുണ്ട്. ഇവിടെ നിന്ന് കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രി, അടൂർ ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ എത്തിക്കും. തുടർന്ന് സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലേക്കും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലേക്കും ശീതീകരണികളിൽ വാക്സിനുകൾ എത്തിക്കും.

മൂന്ന് മുറികൾ

പ്രതിരോധ വാക്സിൻ നൽകുന്നത് കുറഞ്ഞത് മൂന്ന് മുറികളുള്ള കെട്ടിടത്തിലാണ്. ജില്ലയിലെ മിക്ക ആശുപത്രികളിലും ആവശ്യത്തിന് മുറികളുണ്ട്. ഇല്ലാത്ത സ്ഥലങ്ങളിൽ സ്കൂളുകളിൽ ക്രമീകരണങ്ങൾ ഒരുക്കും. വാക്സിൻ സ്വീകരിക്കാൻ എത്തുന്നവർക്ക് വിശ്രമിക്കാനുള്ള മുറി, വാക്സിനേഷൻ മുറി, വാക്സിനേഷന് ശേഷം നിരീക്ഷണത്തിനുള്ള മുറി എന്നിങ്ങനെയാണ് സംവിധാനം. വാക്സിൻ സ്വീകരിച്ചവർക്ക് പനി, ചൂട്, ശരീര വേദന, തളർച്ച എന്നിവ ഉണ്ടാകാനുളള സാദ്ധ്യത കണക്കിലെടുത്താണ് നിരീക്ഷണത്തിലാക്കുന്നത്.

---------------------------

ഇന്നലെ 666 പേർക്ക് കൊവിഡ്

ജില്ലയിൽ ഇന്നലെ 666 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 18 പേർ വിദേശത്ത് നിന്ന് വന്നവരും, 12 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരുമാണ്. 636 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ

പന്തളം മുനിസിപ്പാലിറ്റി വാർഡ് 31, 32 (ചേരിക്കൽ ഐ.ടി.ഐ ജംഗ്ഷൻ മുതൽ പടിഞ്ഞാറ് ചൂരക്കോട് ഭാഗം വരെയും തെക്ക് പനിക്കുഴത്തിൽ ഭാഗം വരെയും), മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് വാർഡ് 4 എന്നീ പ്രദേശങ്ങളിൽ ജനുവരി 6 മുതൽ 7 ദിവസത്തേക്ക് കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണം.

നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കി

മെഴുവേലി ഗ്രാമപഞ്ചായത്തിലെ വാർഡ് 8 (ചന്ദനക്കുന്ന് കോളനി, മുക്കട, പുളിന്തിട്ട ഭാഗങ്ങൾ) പ്രദേശങ്ങളെ ജനുവരി 7 മുതൽ കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കി