നിർമ്മാണം ഒരു മാസത്തിനകം
ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കും
പത്തനംതിട്ട: ജില്ലാ സ്റ്റേഡിയം വികസന പദ്ധതിക്കുള്ള ധാരണാപത്രത്തിൽ പത്തനംതിട്ട നഗരസഭ ഒപ്പിട്ടു. തുടർ നടപടിക്കായി നഗരസഭ ചെയർമാൻ അഡ്വ. സക്കീർ ഹുസൈൻ വീണാ ജോർജ് എം.എൽ.എയ്ക്ക് ധാരണാപത്രം കൈമാറി. നഗരസഭാ സെക്രട്ടറി അവധിയായതിനാൽ ചുമതല വഹിക്കുന്ന ജനറൽ സൂപ്രണ്ട് എസ്. അഹമ്മദ്ഹുസൈനാണ് ഒപ്പിട്ടത്. 14ന് കിഫ്ബി യോഗത്തിൽ സമർപ്പിച്ച് നിർമ്മാണത്തിന് അനുമതി ലഭിക്കും. ആദ്യം ധനാനുമതിയാണ് വേണ്ടത്. പിന്നീട് സാങ്കേതിക അനുമതിക്ക് ശേഷം ടെൻഡർ നടപടികളിലേക്ക് നീങ്ങും. ഒരു മാസത്തിനകം നിർമ്മാണം തുടങ്ങാൻകഴിയുമെന്നാണ് പ്രതീക്ഷ. ഒരു വർഷത്തിനകം പണി പൂർത്തിയാക്കാനാണ് തീരുമാനം.
നിയമസഭാ തിരഞ്ഞടുപ്പ് വിജ്ഞാപനത്തിന് മുമ്പായി നിർമ്മാണം ആരംഭിക്കേണ്ടതുണ്ട്. കിറ്റ്‌കോയാണ് നിർവഹണ ഏജൻസി. ആദ്യം 46 കോടി രൂപയാണ് അടങ്കൽ തുക നിശ്ചയിച്ചത്. 2018 ലാണ് പദ്ധതിക്ക് അനുമതി നൽകിയത്.
വർഷങ്ങൾ കഴിഞ്ഞതിനാൽ അടങ്കൽ തുകയിൽ മാറ്റംവന്നേക്കാം. തിങ്കളാഴ്ച നടന്ന കൗൺസിൽ യോഗത്തിലാണ് ധാരണാ പത്രത്തിൽ ഒപ്പിടാൻ ഭരണകക്ഷി തീരുമാനിച്ചത്. നഗരസഭയ്ക്ക് സ്റ്റേഡിത്തിൻേമേലുള്ള ഉടമസ്ഥത അവകാശം നഷ്ടപ്പെടുമെന്ന് ചൂണ്ടിക്കാട്ടി കരാർ അപ്രകാരം ഒപ്പിടുന്നതിനെ യു.ഡി.എഫ് തുടക്കം മുതലേ എതിർത്തിരുന്നു.
കഴിഞ്ഞ യു.ഡി.എഫ് ഭരണസമിതി ധാരണാപത്രത്തിൽ ഒപ്പിട്ടിരുന്നില്ല. പഴയ ധാരണാപത്രം തന്നെയാണ് ഒപ്പിട്ട് നൽകുന്നതെന്നും ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നും യു.ഡി.എഫ് ആരോപിച്ചു. എന്നാൽ, ഉടമസ്ഥാവകാശം നഗരസഭക്ക് തന്നെയായിരിക്കുമെന്നാണ് നഗരസഭചെയർമാൻ സക്കീർഹുസൈൻ വ്യക്തമാക്കി.
ഇവയുണ്ടാകും സ്റ്റേഡിയത്തിൽ
ഇൻഡോർ സ്റ്റേഡിയം, സിന്തറ്റിക് ട്രാക്ക്, ഫുട്ബാൾ, വോളിബാൾ, ബാഡ്മിന്റൺ കോർട്ടുകൾ, ഹോക്കി മൈതാനം, പവലിയൻ, നീന്തൽക്കുളം, ക്രിക്കറ്റ് പിച്ച്, ഗ്യാലറി, ഹോസ്റ്റൽ ഇവ പുതിയ സ്റ്റേഡിയത്തിലുണ്ടാകും.
വരുമാനം ജോയിന്റ് അക്കൗണ്ടിലേക്ക്
ജില്ലാ സ്റ്റേഡിയത്തിന്റെ ഉടമസ്ഥത നഗരസഭയ്ക്കാണെങ്കിലും വരുമാനം നഗരസഭയും സംസ്ഥാന യുവജനക്ഷേമ ബോർഡും പങ്കാളികളായ ജോയിന്റ് അക്കൗണ്ടിലേക്കാണ് എത്തുക. സ്റ്റേഡിയത്തിന്റെ അറ്റകുറ്റപ്പണികൾക്കും മറ്റ് ചെലവുകൾക്കും ഇതുപയോഗിക്കാം. നഗരസഭ ചെയർമാൻ അദ്ധ്യക്ഷനായ സമിതിക്കാണ് നടത്തിപ്പ് ചുമതല.