പത്തനംതിട്ട : തദ്ദേശ തിരഞ്ഞെടുപ്പിൽ പന്തളം നഗരസഭയിലുണ്ടായ തോൽവിയെ തുടർന്ന് സി.പി.എം പന്തളം ഏരിയ സെക്രട്ടറി ഇ.ഫസലിനെ സ്ഥാനത്ത് നിന്ന് നീക്കി. പകരം സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം പി.ബി. ഹർഷകുമാറിനെ സെക്രട്ടറിയാക്കി.ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.ഡി ബൈജുവിനെ പന്തളം ഏരിയയുടെ പാർട്ടി ചുമതലയിൽ നിന്ന് മാറ്റി. സംസ്ഥാന സമിതി നിർദ്ദേശത്തെ തുടർന്നാണ് ജില്ലാ കമ്മിറ്റിയുടെ തീരുമാനം.
പന്തളം നഗരസഭയിൽ ബി.ജെ.പി.യാണ് വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയത്. ഭരണത്തുടർച്ച പ്രതീക്ഷിച്ച പന്തളത്ത് സംഘടനാപരമായ വീഴ്ചകളാണ് തിരിച്ചടിക്കും ബി.ജെ.പിയുടെ അപ്രതീക്ഷിത മുന്നേറ്റത്തിനും കാരണമായതെന്ന് സി.പി.എം വിലയിരുത്തിയിരുന്നു. പ്രചാരണത്തിൽ വലിയ വീഴ്ചയുണ്ടായി. സാമുദായിക ധ്രുവീകരണം നേരത്തേ കണ്ടെത്താനായില്ല. 2015ൽ 15 സീറ്റുകളോടെ ഭരണം നേടിയ എൽ.ഡി.എഫിന് ഇത്തവണ ഒൻപത് സീറ്റുകൾ മാത്രമാണ് കിട്ടിയത്. ഏഴ് സീറ്റുണ്ടായിരുന്ന ബി.ജെ.പി 18 സീറ്റുകൾ നേടി ഞെട്ടിച്ചു. ഇടതു ശക്തികേന്ദ്രങ്ങളും ബി.ജെ.പി പിടിച്ചെടുത്തു. ചില പ്രദേശങ്ങളിലെ അപ്രതീക്ഷിത തോൽവി പരിശോധിച്ച് നടപടി എടുക്കുന്നതിന്റെ ഭാഗമായാണ് പന്തളത്തെ മാറ്റം. ജില്ലാ പഞ്ചായത്ത് ഏനാത്ത് ഡിവിഷനിൽ പി.ബി ഹർഷകുമാറിന്റെ തോൽവിയും പാർട്ടി അന്വേഷിക്കും. പാർട്ടി വോട്ടുകളിൽ ചോർച്ചയുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ. 33 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യു.ഡി.എഫിലെ സി. കൃഷ്ണകുമാർ വിജയിച്ചത്.